യൂട്യൂബ് നോക്കി കൊലപാതകം; സഹപാഠിയെ കൊന്ന് 10-ാം ക്ലാസ് വിദ്യാർത്ഥി
ഒരാളെ കൊല്ലാനുള്ള മാര്‍ഗങ്ങള്‍ യൂട്യൂബിലൂടെയും ഗൂഗിളിലൂടെയും മനസിലാക്കിയ 10-ാം ക്ലാസുകാരൻ തൻറെ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാൺപൂരിലാണ് സംഭവം. സഹപാഠിയെ കൊലപ്പെടുത്തുന്നതിന് മുൻപായി നാലാഴ്ചയിലേറെഒരാളെ എങ്ങനെ കൊലപ്പെടുത്താം എന്നതിനെ അടിസ്ഥാനമാക്കി പ്രതി നിരവധി വീഡിയോകള്‍ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു.
യൂട്യൂബില്‍ കണ്ട വീഡിയോയുടെ മാതൃകയിലാണ് സഹപാഠിയെ 10-ാം ക്ലാസുകാരൻ കൊലപ്പെടുത്തിയതെന്നും ഇരയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. സഹപാഠിയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളാണ് പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് ഘതംപൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. കൊലപാതകത്തിന്റെ വഴികള്‍ പഠിക്കാൻ താല്പര്യമുണ്ടായിരുന്ന പ്രതി, ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളിലൂടെയാണ് വീഡിയോകള്‍ കണ്ടിരുന്നത്. പ്രതിയായ വിദ്യാര്‍ത്ഥി സന്ദര്‍ശിച്ച സൈറ്റുകളും കണ്ട വീഡിയോകളും കണ്ടെത്താനുളള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ് .
പ്രതിയും ഇരയും സ്കൂളിലെ ഒരു 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും നിരന്തരം ഏറ്റുമുട്ടലുകള്‍ പതിവായിരുന്നെന്നും സഹപാഠി തന്നെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയിട്ടുണ്ടായിരുന്നെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. സഹപാഠി തന്നെ കൊല്ലുമെന്ന പേടി കൊണ്ടാണ് താൻ സഹപാഠിയെ കൊന്നതെന്നും പ്രതി പറഞ്ഞു.
ഇരയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊല കുറ്റത്തിന് പൊലീസ് കേസെടുത്തു. ആധാര്‍കാര്‍ഡ് പ്രകാരം 14 വയസായതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റാനാണ് പൊലീസിന്റെ നീക്കം. ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതിനാല്‍ ഇത് തെളിവിനായി പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.