തലത്തിരിഞ്ഞൊരു നേതാവ് ,നേതാവിന് കയ്രാന എംപി ഇഖ്റ ഹസനെ വിവാഹം കഴിക്കണം പോലും

വിദ്വേഷ പ്രസംഗത്തിലൂടെ പലതവണ വിവാദത്തില്‍പ്പെട്ട കര്‍ണി സേന ദേശീയ വൈസ് പ്രസിഡന്റ് താക്കൂര്‍ യോഗേന്ദ്ര സിങ് റാണ പുതിയ വീഡിയോയുമായി രംഗത്ത്.
ഉത്തര്‍ പ്രദേശിലെ സമാജ്വാദി പാര്‍ട്ടി നേതാവും കയ്രാന ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ ഇഖ്റ ഹസനെതിരെയാണ് വീഡിയോ. ഇഖ്റ ഹസനെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് യോഗേന്ദ്ര സിങ് വീഡിയോയില്‍ പറയുന്നു. ഇഖ്റ ചൗധരി ഹസന് 2024ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കയ്രാന മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ പ്രദീപ് കുമാറിനെ 70000ത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. ഏറെകാലം പാര്‍ലമെന്റ് അംഗമായിരുന്ന ചൗധരി മുനവ്വര്‍ ഹസന്റെ മകളാണ് ഇഖ്റ. മാതാവ് ബീഗം തബസ്സും ഹസന് ലോക്സഭാ അംഗമായിരുന്നു.
രാജ്യത്തെ പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളാണ് ഇഖ്റ ഹസന്. 1994 ഓഗസ്റ്റ് രണ്ടിനാണ് ജനനം. ഇവരുടെ പൊതുരംഗത്തെ ഇടപെടല്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. പക്വതയോടെ സംസാരിക്കുന്ന ഇഖ്റ ഹസന് മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും പ്രിയപ്പെട്ടവളാണ്. രാഷ്ട്രയ രംഗത്ത് നിരവധി പേര് പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് ഇഖ്റ. ഇവരെ കുറിച്ച് മോശമായിട്ടാണ് യോഗേന്ദ്ര സിങ് റാണ വീഡിയോയില്‍ പറയുന്നത്.
”ഇറ്ഖ ഹസന് എംപി അവിവാഹിതയാണ്. എനിക്ക് സ്വന്തമായി നല്ലൊരു വീടുണ്ട്. അത്യാവശ്യം സ്വത്തുക്കളുമുണ്ട്. മുറാദാബാദില്‍ നിരവധി വീടുകളുണ്ട്. കാണാന്‍ തരക്കേടില്ല. തന്റെ ഭാര്യയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. ഇഖ്റ ഹസന് താല്‍പ്പര്യമാണെങ്കില്‍ അവര്‍ക്ക് എന്നെ വിവാഹം കഴിക്കാം. ഇഖ്റയ്ക്ക് എന്റെ വീട്ടില്‍ നമസ്കരിക്കാന്‍ സൗകര്യം ഒരുക്കാം. അസദുദ്ദീന്‍ ഉവൈസിയും അക്ബറുദ്ദീന്‍ ഉവൈസിയും തന്നെ അളിയന് എന്ന് വിളിക്കണം എന്ന ഉപാധിയുണ്ട്. ഇഖ്റ ഹസനെ വിവാഹം ചെയ്യാന്‍ സമ്മതമാണ്” എന്നാണ് വീഡിയോയില്‍ യോഗേന്ദ്ര സിങ് റാണ പറഞ്ഞത്.
വീഡിയോ വൈറലായതോടെ വലിയ വിവാദമായി. നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തി. സമാജ്വാദി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും യോഗേന്ദ്ര റാണയെ വിമര്‍ശിച്ചു. വനിതാ എംപിയെ റാണ അപമാനച്ചെന്നും അപമര്യാദയായിട്ടാണ് വീഡിയോ ചെയ്തതെന്നും കുറ്റപ്പെടുത്തലുണ്ടായി. വിമര്‍ശനം ശക്തമായതോടെ രണ്ട് മണിക്കൂറിന് ശേഷം റാണ വീഡിയോ ഡിലീറ്റ് ചെയ്തു.
വനിതാ നേതാക്കളുടെ അന്തസ്സ് ചോദ്യം ചെയ്യുകയാണ് യോഗേന്ദ്ര റാണ ചെയ്തത് എന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. റാണക്കെതിരെ ശക്തമായ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇഖ്റ ഹസന് പ്രതികരിച്ചിട്ടില്ല. അതേസമയം, ഉവൈസി സഹോദരന്മാരുടെ പേരുകള്‍ കര്‍ണി സേന നേതാവ് വീഡിയോയില്‍ പറയാന്‍ കാരണം എന്ത് എന്ന് വ്യക്തമല്ല.