അശ്ളീല പരസ്യങ്ങൾ യൂട്യൂബിൽ; പരാതി നൽകിയിട്ട് കാര്യമില്ല..
യൂട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ചില പരസ്യങ്ങള്‍ കടന്നു വരാറുണ്ട്. ഇതില്‍ ചിലത് നിങ്ങള്‍ക്ക് സ്കിപ്പ് ചെയ്യാൻ കഴിയും എങ്കില്‍ മറ്റ് ചിലത് കുറച്ച് നേരമെങ്കിലും കണ്ട് തീര്‍ക്കാതെ വേറെ വഴിയില്ല. ഇപ്പോൾ സ്മാർട്ട് ടീവിയുടെ കാലത്ത്, നിങ്ങള്‍ കുടുംബവുമൊത്ത് എന്തെങ്കിലും കണ്ട് കൊണ്ടിരിക്കുന്ന അവസരത്തില്‍ യൂട്യൂബില്‍ അശ്ലീല പരസ്യങ്ങള്‍ കടന്നു വന്നാലുള്ള അവസ്ഥ ആലോചിച് നോക്കൂ. ഇത്തരമൊരു പ്രശ്നമാണ് ഇപ്പോള്‍ യൂട്യൂബില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. യൂട്യൂബില്‍ ചില പോണോഗ്രാഫിക് ചുവയുള്ള പരസ്യങ്ങള്‍ കടന്നു വരുന്നെവെന്ന വാര്‍ത്ത റെഡ്ഡിറ്റില്‍ വലിയ സംവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
റെഡ്ഡിറ്റില്‍ ഒരു യൂസര്‍ പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അശ്ലീല പരസ്യം ഉള്‍പ്പെടുന്ന ഒരു വീഡിയോ ആണ് ഇദ്ദേഹം പങ്കുവച്ചത്. നോട്ട് സേഫ് ഫോര്‍ വര്‍ക്ക് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യൂട്യൂബില്‍ ഷോര്‍ട്സ് കാണുന്ന അവസരത്തില്‍ പല അപ്പുകളുടെയും പരസ്യം കയറി വരാറുണ്ട്. പലതിനും ഒപ്പം ഒരു ലിങ്കും കാണാറുണ്ട്. ഇത്തരം ഒരു ആപ്ലിക്കേഷൻ ആണ് പെറ്റ്മീറ്റ് ഈ പരസ്യത്തിന് ചുവടെയുള്ള ലിങ്കില്‍ അറിയാതെയെങ്കിലും കൈ തട്ടിയാല്‍ എത്തിപ്പെടുന്നത് ചിലപ്പോള്‍ ഇത്തരം പോണോഗ്രാഫിക് പരസ്യങ്ങളിലേക്കായിരിക്കും. ഈ വീഡിയോ ഉടൻ തന്നെ പ്ലേ ആവില്ല എന്നും, ലോഡ് ആവാൻ രണ്ട് മൂന്ന് സെക്കന്റ് എടുക്കുന്നുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.
ഈ പ്രശ്നം കണ്ടപ്പോൾ തന്നെ ഗൂഗിള്‍ ഈ വിഷയം സംബന്ധിച്ച് ആൻഡ്രോയിഡിന് മെയില്‍ അയച്ചിരുന്നു. ” ഞങ്ങള്‍ ഒരു തരത്തിലുള്ള പോണോഗ്രാഫിക് ഉള്ളടക്കങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല, ആ പരസ്യം ഞങ്ങള്‍ റിമൂവ് ചെയ്തിട്ടുണ്ട്, അവര്‍ക്കെതിരെ പോളിസി വയലേഷൻ സംബന്ധിച്ച് നടപടികള്‍ ഉണ്ടാകും” എന്ന് യൂട്യൂബ് അറിയിച്ചു. പെറ്റ്മീറ്റിന്റെ ഉടമകളെ ബന്ധപെടാനുള്ള ആൻഡ്രോയ്ഡ് അതോറിറ്റിയുടെ നീക്കം ഫലം കണ്ടില്ല. ഈ ആപ്ലിക്കേഷൻ വ്യാജമായിരുന്നു എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.
ഒരു പക്ഷെ ഇത് യൂട്യൂബിനെ പൊതു സമൂഹത്തിന് മുന്നില്‍ അധിക്ഷേപിക്കാനുള്ള ഒരു വഴിയായി ആരെങ്കിലും ഉപയോഗിച്ചതാകാം എന്നും ആൻഡ്രോയ്ഡ് റിപ്പോർട്ടില്‍ പറയുന്നു. ഗൂഗിളിന്റെ പുതിയ സംരംഭങ്ങളെയും ആശയങ്ങളെയും കളിയാക്കാൻ ആയിരിക്കാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം യൂട്യൂബിൽ അശ്ലീല ദൃശ്യം കണ്ടതിനെ തുടർന്ന് പരീക്ഷക്ക് തോറ്റുപോയെന്നും ജോലി കിട്ടിയില്ലെന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കാണിച്ച് ഒരാൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള എ.കെ. ചൗധരിയാണ് ഇത്തരത്തിൽ ഹർജി നൽകിയത്.
ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലാണ് അശ്ലീല ദൃശ്യം കണ്ടതെന്നും ഇതുമൂലം മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല എന്നുമാണ് പരാതി. അതുകൊണ്ട് ഗൂഗിൾ നഷ്ടപരിഹാരം തരണമെന്നാണ് ഹർജിയിൽ പറയുന്നത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും അഭയ് എസ്. ഓക്കയും പറഞ്ഞത് ഇത്രയും മോശമായ ഒരു ഹർജി സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് . ഹർജിക്കാരൻ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നാണ് കോടതി വിധി പറഞ്ഞത്. അശ്ലീലം നിറഞ്ഞ പരസ്യം നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചുവെന്നതിന് നഷ്ടപരിഹാരം വേണമെന്നാണ് നിങ്ങളുടെ ആവശ്യം. നിങ്ങളുടെ സ്വഭാവദൂഷ്യം കാരണം കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഒരു ലക്ഷം രൂപ പിഴ നൽകണമെന്ന് ഉത്തരവിടുന്നു.-ഇതായിരുന്നു ജഡ്ജിമാർ ആ വിധിയിൽ പറഞ്ഞത്.