ഓണ്‍ലൈൻ ട്രേഡിങ്: 31.9 ലക്ഷം തട്ടിയ യുവാക്കള്‍ പിടിയില്‍
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കുറ്റുമുക്ക് സ്വദേശിയില്‍നിന്ന് 31,97,500 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കപറമ്ബ് പാറമേല്‍ വീട്ടില്‍ യാസിര്‍ റഹ്മാന് (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പന്‍ ദേശത്ത് പാലത്തിങ്ങല്‍ വീട്ടില്‍ പി. നാഫിഹ് (20) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്സ്ആപ്പിലൂടെ പരാതിക്കാരന് മെസേജ് അയക്കുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ഇരട്ടി ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുന്ന മെസേജുകളാണ് അയച്ചിരുന്നത്. ട്രേഡിങ്ങിനെ പറ്റിയും ലാഭത്തെ പറ്റിയും കൂടുതല്‍ അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങളുടെ ലാഭവും ട്രേഡിങ്ങിനെ കുറിച്ചുള്ള വിവരങ്ങളും കണ്ട് വിശ്വസിച്ച പരാതിക്കാരന് 2024 ജൂലൈ മുതല്‍ ആഗസ്റ്റ് വരെ 11 ഘട്ടങ്ങളിലായാണ് 31,97,500 രൂപ നിക്ഷേപിച്ചത്.
അതിനുശേഷം കൂടുതല്‍ വിശ്വാസം നേടാനായി പ്രതികള്‍ ലാഭവിഹിതമെന്ന് പറഞ്ഞ് 21,000 രൂപ തിരികെ കൊടുക്കുകയും ചെയ്തു. പിന്നീട് ലാഭവിഹിതം മുടങ്ങുകയും നിക്ഷേപത്തുക തിരികെക്കിട്ടാതാവുകയും ചെയ്തപ്പോള്‍ പരാതിക്കാരന് ചതി മനസ്സിലാവുകയും സൈബര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.