ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ വെക്കും, ലൈംഗികചുവയോടെ ചാറ്റ് ചെയ്യും; സ്വാമി ചൈതന്യാനന്ദ എന്ന കാമപ്പിശാചിനെതിരെ 17 പെൺകുട്ടികൾ പരാതി നൽകി

ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാര്‍ത്ഥസാരഥിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണ്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 17 പെണ്‍കുട്ടികളാണ് മൊഴി നല്‍കിയത്.
രാത്രി വൈകിയും പെണ്‍കുട്ടികളെ ഇയാൾ തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തുമായിരുന്നു എന്നും, വിദേശയാത്രകളില്‍ ഈ പെൺകുട്ടികളോട് കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നു എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ ആരും കാണാതെ ചില കാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്ഐഐആറില്‍ പറയുന്നു.
വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ. ഫോണ്‍ മുഖേന അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കുന്നതും ഇയാളുടെ പതിവാണ്. വിദേശ യാത്രയില്‍ കൂടെ വരണമെന്നും, അതിന് വേണ്ടുന്ന എല്ലാ ചെലവുകളും താന്‍ എടുത്ത് കൊള്ളാമെന്നും ഇയാൾ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ മൊഴിനല്‍കി.
ആദ്യമായി ചൈതന്യാനന്ദയെ കണ്ടപ്പോള്‍ അദ്ദേഹം മോശം രീതിയിലാണ് തന്നെ നോക്കിയതെന്നും, തനിക്ക് പരിക്ക് പറ്റിയതിന്റെ മെഡിക്കല്‍ വിവരങ്ങള്‍ എല്ലാം അദ്ദേഹത്തിന് അയക്കാന്‍ പറയുകയും ചെയ്തു. അതൊക്കെ അയച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ‘ബേബി ഐ ലവ് യൂ’ എന്ന സന്ദേശമാണ് ചൈതന്യാനന്ദയില്‍നിന്നും തനിക്ക് വന്നതെന്ന് 21 കാരിയായ വിദ്യാര്‍ത്ഥിനി പറയുന്നു.
ഇത്തരം ലൈംഗിക ചുവയുള്ള മെസേജുകൾക്ക് റിപ്ലെ കൊടുക്കാതെ ഇരുന്നപ്പോൾ ഇയാൾ വീണ്ടും വീണ്ടും മെസേജ് അയച്ച് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഇക്കാര്യം കോളേജ് അധികൃതരോട് പറഞ്ഞിട്ടും നടപടി ഒന്നും ഉണ്ടായില്ല. ഇതേ സാഹചര്യം സീനിയറായ വിദ്യാര്‍ത്ഥിനികള്‍ നേരിട്ടിരുന്നു എന്നും അറിയാൻ കഴിഞ്ഞു.
മെസേജിങ് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഹാജറില്‍ ക്രമക്കേട് കാണിച്ചെന്ന് ആരോപിച്ച്, തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പിന്നീട് പരീക്ഷ പേപ്പറില്‍ മാര്‍ക്ക് കുറച്ചതായും പെൺകുട്ടി പറയുന്നു.
2025ല്‍ ഇയാൾ ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങിയിരുന്നു. അതിന്റെ പൂജയ്ക്കായി ഋഷികേശിലേക്ക് തന്നെയും സുഹൃത്തുക്കളേയും സ്വാമി നിര്‍ബന്ധിച്ച് കൊണ്ടുപോയി. ആ യാത്രയിലെല്ലാം ഞങ്ങള്‍ക്കുനേരെ മോശം വാക്കുകളും പ്രയോഗങ്ങളുമാണ് അദ്ദേഹം നടത്തിയതെന്നും യുവതി പറയുന്നു.
തിരിച്ചെത്തിയ തന്നോട് ചില മുതിര്‍ന്ന ടീച്ചര്മാര് ചൈത്യാനന്ദ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹോളി ദിവസം തന്നെ അദ്ദേഹം കോളേജിലെ ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി. ബേബി എന്നു വിളിച്ചപ്പോള്‍ താന്‍ അത് വിലക്കി. എന്നാല്‍ അനുവാദം കൂടാതെ തന്നെ അയാള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. ജൂണില്‍ 35 യുവതികളും ടീച്ചര്‍മാരും ചൈതന്യാനന്ദയും ഉള്‍പ്പടെ ഋഷികേശിലേക്ക് ഇന്റസ്ട്രിയല്‍ വിസിറ്റിനായി പോയിരുന്നു. അന്ന് രാത്രിയില്‍ ഓരോ യുവതികളെയും അദ്ദേഹം മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
അതിനിടെ, സ്വാമി ചൈതന്യാനന്ദ സരസ്വതി നടത്തിയ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ പേരിലാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും ശുചിമുറിയുടെ ഭാഗങ്ങളിലും ക്യാമറ ഒഴിവാക്കിയിരുന്നില്ല. ക്യാമറയിലെ ദൃശ്യങ്ങൾ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കണ്ടിരുന്നു.
ഒപ്പം കുട്ടികളോട് ശുചിമുറിയിൽ പോകുന്നതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെൺകുട്ടികളോട് ഇയാൾ ചോദിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഓഫിസിൽ നിന്നും പെൺകുട്ടികൾ കരഞ്ഞുകൊണ്ടു ഇറങ്ങി പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്ത്രം കീറിയ നിലയിൽ കണ്ടതായും ഒരു പെൺകുട്ടി മൊഴി നൽകി.
ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറി. വരിയായി നിർത്തിയ ശേഷം ചൈതന്യാനന്ദ പെൺകുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങൾ തേച്ചു. ഇതിനുശേഷം മാത്രമേ ആഘോഷങ്ങൾ ആരംഭിക്കാവൂ എന്നും നിർദേശം നൽകി. ഇയാളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത വിദ്യാർഥികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. പീഡനങ്ങളെ കുറിച്ച് മുൻപ് പലരും പരാതി നൽകിയെങ്കിലും സംഭവങ്ങൾ ജീവനക്കാർ ഇടപെട്ട് മൂടിവച്ചു.
ഇപ്പോളത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗികാ അതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.
അതേസമയം, സ്വാമിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നതരുടെ ഇടപെടലെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെ പൊലീസ് തള്ളുകയാണ്. അന്വേഷണം ഊർജ്ജിതമാണെന്നും അഞ്ച് സംസ്ഥാനങ്ങളിൽ പൊലീസ് സംഘങ്ങൾ ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ് എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡൽഹി പോലീസ് റെയ്ഡുകൾ നടത്തി. രാജ്യം വിടുന്നത് തടയാൻ ലുക്ക്ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.