ശബരിമല നടയടച്ചു; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും
മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക.
41 ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകള്‍ നടന്നത്. രാവിലെ ഒൻപതരയോടെ നെയ്യഭിഷേകം പൂര്‍ത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലായിരുന്നു തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ. രാത്രി അത്താഴപൂജയ്ക്കു ശേഷം മേല്‍ശാന്തി പി.എൻ.മഹേഷ് അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാര്‍ത്തി ധ്യാനത്തിലാക്കി നടയടച്ചു.
ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകള്‍ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്.