മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു; ഒരുക്കങ്ങളെല്ലാം സജ്ജമെന്ന് സര്‍ക്കാര്‍
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേല്‍ശാന്തിമാര്‍ നാളെ ചുമതലയേല്‍ക്കും. ഒരുക്കങ്ങളെല്ലാം സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നാളെ രാവിലെ മൂന്നരയ്ക്ക് നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. നാളെ മുതലാണ് മണ്ഡലകാല പൂജകള്‍ ആരംഭിക്കുന്നത്. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ്. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. നിലയ്ക്കലില്‍ ടോള്‍പിരിവിനായി ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തി. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെ ക്യൂ കോംപ്ലക്സിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ശബരിപീഠത്തില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. സന്നിധാനത്ത് ഡൈനാമിക് ക്യൂ കണ്ട്രോളിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും. നിലയ്ക്കലില്‍ കണ്ടയ്നര്‍ ടോയ്ലറ്റുകള് ഉള്‍പ്പടെ 952 ടോയ്ലറ്റുകളുണ്ട്. പമ്പയിലും സന്നിധാനത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിൽ ടോയ്ലറ്റുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ദര്‍ശനസമയം
നട തുറക്കുന്നത് പുലര്‍ച്ചെ 3.00
അടയ്ക്കുന്നത് ഉച്ചയ്ക്ക് 1.00
ഉച്ചയ്ക്കുശേഷം 3.00
അടയ്ക്കുന്നത് രാത്രി 11.00
പൂജകള്‍
3.30 ഗണപതി ഹോമം
ഏഴ് വരെ നെയ്യഭിഷേകം
7.30 മുതല്‍ ഉഷഃപൂജ
8.30 മുതല്‍ 11വരെ നെയ്യഭിഷേകം
11 മുതല്‍ 11.30 വരെ അഷ്ടാഭിഷേകം
12.30 ഉച്ചപൂജ.
വൈകിട്ട് 6.30 ദീപാരാധന
7 മുതല്‍ 9.30വരെ പുഷ്പാഭിഷേകം
9.30ന് അത്താഴപൂജ
11ന് ഹരിവരാസനം പാടി നട അടക്കും.