ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് വ്യാപകമെന്ന് കണ്ടെത്തൽ

ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് വ്യാപകമെന്ന് കണ്ടെത്തൽ . പാലക്കാട് ഡിവിഷന് കീഴില്‍ ഏഴ് മാസത്തിനിടെ പിടികൂടിയത് 44,092,2100 കോടിരൂപയുടെ ലഹരി ഉത്പന്നങ്ങള്‍. ആർ.പി.എഫിന്റെ നേതൃത്വത്തില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ജനുവരി മുതല്‍ ജൂലായ് വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരിയുത്പന്നങ്ങള്‍ പിടികൂടിയത്. 100 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും, 59 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുൻവർഷത്തേക്കാള്‍ വലിയ വർദ്ധനയാണ് ഈ വർഷം പകുതിയായപ്പോഴേക്കും ഉണ്ടായിട്ടുള്ളത്.
കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ ഷുഗർ, നൈട്രാസെപാം ഗുളിക, ബ്യൂപ്രിനോർഫിൻ ഗുളിക, മെത്തഫെറ്റമിൻ ഗുളിക, ഹെറോയിൻ, ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയതില്‍ ഉള്‍പ്പെടും. കഴിഞ്ഞവർഷം പാലക്കാട് ഡിവിഷൻ പരിധിയില്‍ നിന്നുമാത്രം 155 കേസുകളിലായി പിടിച്ചെടുത്തത് 9,63,95,510 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ്. ഇതില്‍ 27 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവാണ്. ഈ വർഷം മൂന്നു കോടിയില്‍ അധികം വരുന്ന 769.584 കിലോ കഞ്ചാവാണ് പിടിച്ചത്. കഴിഞ്ഞ വർഷം 1447.576 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് കോടിയില്‍ അധികം വില വരും.