ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാം – സുപ്രീം കോടതി
ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതേക്കുറിച്ച് പ്രധാന അധ്യാപകർക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് നല്കിയ നിര്‍ദേശം.
ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു. ഭരണ പരിഷ്കാരങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്കാരം കൊണ്ടുവരുന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഐ എച്ച് സയ്ദ്, അഭിഭാഷകരായ പീയൂഷ് കോട്ടം, ആബിദ് അലി ബീരാന് എന്നിവര്‍ വാദിച്ചു. 1992 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. അതുപോലെ പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ഇടക്കാല ഉത്തരവില്‍ വിവാദമായ തീരുമാനങ്ങള്‍ സ്റ്റേ ചെയ്തെങ്കിലും അന്തിമ ഉത്തരവില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് ഹര്ജിക്കാരന് സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights : Lakshadweep students to continue non veg for lunch