ഗുണ്ടകളായി അധപതിക്കുന്ന കേരളത്തിലെ ചില അധ്യാപകർ; വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിച്ച അധ്യാപകനെതിരെ കേസെടുത്തു

കാസർഗോഡ് സ്കൂൾ വിദ്യാർഥിയെ മർദിച്ച്, കർണപുടം തകർത്ത സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ എം. അശോകനെതിരെയാണ് ബേഡകം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടിളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിച്ചെന്നുമാണ് പരാതി.
കഴിഞ്ഞ ദിവസം സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കാൻ പാടില്ലെന്ന് പറഞ്ഞ മന്ത്രി അന്വേഷണത്തിനായി കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ചുമതല നൽകുകയും ചെയ്തു. മർദനമേറ്റ വിദ്യാർഥിയുടെ അമ്മയുമായി സംസാരിച്ചുവെന്നും, വിഷയം വളരെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
സ്കൂളിൽ അസംബ്ലി നടക്കുന്ന സമയത്ത് ഈ വിദ്യാർത്ഥി കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ ദേഷ്യം പിടിപ്പിക്കാൻ കാരണമായത്. അസംബ്ലി പിരിഞ്ഞതിന് തൊട്ട് പിന്നാലെ അധ്യാപകന് തന്നെ മർദിക്കുകയായിരുന്നു എന്നാണ് വിദ്യാർഥി പറഞ്ഞത്. പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് അധ്യാപകൻ്റെ ക്രൂരമായ മർദനത്തില്‍ പരിക്കേറ്റത്. വിദ്യാർഥിയുടെ മാതാപിതാക്കള്‍ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിരുന്നു. പരാതിയെ തുടർന്ന് ഇന്ന് ബാലാവാകാശ കമ്മീഷനംഗം ഈ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുന്നുണ്ട്.
അധ്യാപകൻ മർദ്ദിച്ച ശേഷം വിദ്യാര്‍ത്ഥിയുടെ ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.അതിനെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇഎൻടി ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്തു. വലതു ചെവിക്ക് കേൾവി കുറവുണ്ടെന്നും കർണപടം പൊട്ടിയതായും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അത്രക്ക് മാരകമായ അടിയാണ് അധ്യാപകൻ ഏൽപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി ഒരു വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
പല സ്കൂളുകളിലും വിദ്യാർത്ഥികളെ സ്നേഹിക്കുന്ന, അവർക്ക് മാതൃകയായി മാറുന്ന ഒട്ടേറെ അധ്യാപകരുണ്ട്. എന്നാൽ അശോകനെ പോലുള്ള അധ്യാപകർ, ശ്രേഷ്ഠമായ ആ തൊഴിലിന് തന്നെ കളങ്കം ചാർത്തുകയാണ്. ശാസനയിലോ ചെറിയ ശിക്ഷയിലോ ഒതുക്കാവുന്ന കാര്യത്തിലാണ് ഇവിടെ ആ കുട്ടിയുടെ കർണ്ണപുടം അടിച്ച് തകർക്കുന്ന രീതിയിൽ മർദ്ദനം നടത്തിയത്. മാതൃകാപരമായി കടുത്ത ശിക്ഷ തന്നെയാണ് ഇവർക്ക് നൽകേണ്ടത്.
സംസ്ഥാനത്ത് അധ്യാപകർക്ക് എതിരെയുള്ള പരാതികൾ വർധിച്ച് വരികയാണ്. പോക്സോ കേസുകളും അതിൽ പെടുന്നുണ്ട്. പോക്സോ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ 77 സ്കൂൾ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 65 അധ്യാപകർ അതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ 10 പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും മറ്റുള്ളവർക്ക് എതിരെ കർശനമായ നടപടികൾ എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.