തൃക്കാക്കര തെരഞ്ഞെടുപ്പ്; ഉമാ തോമസിനെതിരായ ഹരജിയിൽ ഹൈക്കോടതി വിശദമായി വാദം കേൾക്കും
തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇന്ന് ഹൈക്കോടതി വിശദമായി വാദം കേൾക്കും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തുള്ള സി പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്.
നാമനിർദേശ പത്രികയിൽ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും റിട്ടേണിങ് ഓഫീസർ അത് കൃത്യമായി പരിഗണിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു. പി ടി തോമസിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും എച്ച് ഡി എഫ് സി ബാങ്കിലും ലോൺ കുടിശ്ശികയും കോർപറേഷനിൽ ഭൂനികുതി കുടിശ്ശികയും ഉണ്ടെന്ന കാര്യം മറച്ചുവെച്ചെന്നുമാണ് പരാതി. ഭാര്യ എന്ന ഭാര്യയായ ഉമാ തോമസിന് ഈ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഇത് കൂടാതെ ബാലറ്റ് പേപ്പറിൽ അക്ഷരമാല ക്രമം മറികടന്ന് ഉമാ തോമസിന്റെ പേരിന് മുൻഗണന നൽകിയെന്നും പരാതിയിൽ പറയുന്നു.
തൃക്കാക്കരയിൽ പ്രചാരണം അടുത്തഘട്ടത്തിലേക്ക് കടന്നു. എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിന് വോട്ടുറപ്പിക്കാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ മണ്ഡലത്തിലുണ്ട്. ഇടപ്പള്ളി മേഖലയിലാണ് ഇന്ന് ജോ ജോസഫിന്റെ പര്യടനം.
യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ പ്രചാരണം ഇന്ന് പൂർണമായും വെണ്ണല ഭാഗം കേന്ദ്രീകരിച്ചാണ് നടത്തുക. യു ഡി എഫ് നേതാക്കൾ വീട് കയറി നടത്തുന്ന പ്രചാരണവും പുരോഗമിക്കുന്നുണ്ട്. ബി ജെ പി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ തമ്മനം എറണാകുളം മേഖലകളിലാണ് പ്രചാരണം നടത്തുന്നത്.