സി.പി.എം അംഗത്തിന്റെ എൻ.ഡി.എ സ്ഥാനാര്‍ഥിയുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍
എസ്.എൻ.ഡി.പി നേതാവായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എൻ.ഡി.എ സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു.
നേരത്തേ ബി.ഡി.ജെ.എസ് പഠന ശിബിരത്തില്‍ പങ്കെടുത്ത് പാർട്ടിയെ വെട്ടിലാക്കിയ ചിറക്കടവം ലോക്കല്‍ കമ്മറ്റി അംഗം വി. ചന്ദ്രദാസാണ് ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്.
വിഷയം പാർട്ടിക്കുള്ളില്‍ ചൂടേറിയ ചർച്ചക്ക് വഴിമാറിയതോടെ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് എന്ന നിലയിലാണ് ശോഭ സുരേന്ദ്രനും സംഘവും തന്നെ സന്ദർശിച്ചതെന്നാണ് ചന്ദ്രദാസ് പറയുന്നത്.
2023 മാർച്ചില്‍ എറണാകുളത്ത് നടന്ന ബി.ഡി.ജെ.എസ് പഠനശിബിരത്തില്‍ ചന്ദ്രദാസ് പങ്കെടുത്തത് വിവാദമായിരുന്നു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് സമീപം ചന്ദ്രദാസ് നില്ക്കുന്ന ചിത്രം ഏറെ ചർച്ചയായെങ്കിലും അന്ന് സംരക്ഷിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്. ഈ വിഷയം ജില്ല നേതൃത്വത്തെ അറിയിച്ച അന്നത്തെ ഏരിയ ഓഫിസ് സെക്രട്ടറിയെ അധിക്ഷേപിച്ച് പുറത്താക്കിയതും വിവാദമായിരുന്നു. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനായി സി.പി.എം സ്ഥാനാർഥികളെ തോല്പിച്ചെന്നായിരുന്നു ആക്ഷേപം.
പാർട്ടിയുടെ ഉത്തരവാദ ഘടകത്തില്‍ പ്രവർത്തിക്കുന്ന നേതാവ് പ്രത്യയശാസ്ത്ര വിയോജിപ്പുള്ള പാർട്ടിയുടെ കണ്‍വെൻഷനില്‍ പങ്കെടുത്തത് നേതൃത്വം കണ്ടില്ലെന്ന് നടിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. ഏരിയയിലെ ചില നേതാക്കളുടെ സംരക്ഷണമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്തുണയാകുന്നതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം.
പുതിയ സംഭവത്തിലൂടെ സംരക്ഷകരും വെട്ടിലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ശോഭ സുരേന്ദ്രനുമായുള്ള ഇപ്പോഴത്തെ കൂടിക്കാഴ്ച പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ചന്ദ്രദാസിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പാലമുറ്റത്ത് വിജയകുമാർ, നഗരസഭ കൗണ്‍സിലർ സന്തോഷ് കണിയാംപറമ്ബില്‍ എന്നിവരും ശോഭ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്നു.