കെജ്രിവാളിൻ്റെ പ്രസംഗം ‘നിയമവ്യവസ്ഥയുടെ മുഖത്തേറ്റ അടി’ യെന്ന് ഇ.ഡി;
മൈൻഡ് ചെയ്യാതെ സുപ്രിം കോടതി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ (ഇഡി) ഉന്നയിച്ച ആരോപണത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച് കോടതി. ഇഡി കോടതിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതായത് അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശങ്ങൾ ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടി’യാണെന്നായിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം ഇന്ത്യ ബ്ലോക് അധികാരത്തില്‍ വന്നാല്‍ ജൂണ്‍ അഞ്ചിന് താന്‍ തിഹാര്‍ ജയിലില്‍നിന്ന് തിരിച്ചെത്തുമെന്ന കെജ്രിവാളിന്റ പരാമര്‍ശത്തെയാണ് ഇഡി എതിര്‍ത്തത്. ‘ജനങ്ങള്‍ എഎപിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ രണ്ടിന് തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ലെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഇത് അദ്ദേഹത്തിന് എങ്ങനെ പറയാന്‍ കഴിയും-‘ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് കീഴടങ്ങി ജയിലിലേക്ക് മടങ്ങേണ്ടി വരും.
ഡല്‍ഹിയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് റാലികളില്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ അറസ്റ്റ് ചെയ്തതും തിഹാര്‍ ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചതും സംബന്ധിച്ച് വൈകാരികമായി കെജ്രിവാള് സംസാരിച്ചിരുന്നു.
ജൂണ്‍ രണ്ടിന് ജയിലിലേക്ക് തിരിച്ചു പോകും. നാലിന് ജയിലിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം കാണും. നിങ്ങള്‍ ഇന്ത്യ ബ്ലോക്കിനെ വിജയിപ്പിച്ചാല്‍ ജൂണ്‍ അഞ്ചിന് ഞാന്‍ മടങ്ങിയെത്തും. എന്നായിരുന്നു കെജ്രിവാള് തിരഞ്ഞെടുപ്പ് റാലികളില്‍ പറഞ്ഞത് .
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ കെജ്രിവാളിന് പ്രത്യേക പരിഗണനയൊന്നും നല്‍കിയിരുന്നില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു. വിധിക്കെതിരെയുള്ള വിമര്‍ശനങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അതിലേക്ക് കടക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അദ്ദേഹം കീഴടങ്ങണമെന്നത് ഉത്തരവില്‍ വ്യക്തമാണ്. ഇത് സുപ്രീംകോടതിയുടെ ഉത്തരവാണ്. നിയമവാഴ്ച ഇതിലൂടെ നിയന്ത്രിക്കപ്പെടും. ഇതില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സഞ്ജീവ് ഖന്ന വ്യക്തമാക്കി .
അതെ സമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അതേ നിയമത്തിലെ 19-ാം വകുപ്പ് ഉപയോഗിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീംകോടതി. പ്രതിയെ കസ്റ്റഡിയില്‍ വേണമെങ്കില്‍ ഇ ഡി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
”കള്ളപ്പണ നിരോധന നിയമ(പിഎംഎല്‍എ)ത്തിലെ 44-ാം വകുപ്പ് പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നാലാം വകുപ്പില്‍ പറയുന്ന ശിക്ഷാര്‍ഹമായ കുറ്റകൃത്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടശേഷം, കുറ്റാരോപിതരെ 19-ാം വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് അധികാരം വിനിയോഗിക്കാന്‍ ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കും അധികാരമില്ല. സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ഹാജരാകുന്ന കുറ്റാരോപിതരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വേണമെങ്കില്‍ ഇ ഡി പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി അനുമതി തേടണം. കുറ്റാരോപിതരുടെ കൂടി വാദം കേട്ടശേഷമായിരിക്കണം ഇ ഡിയുടെ ഹര്‍ജിയില്‍ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. 19-ാം വകുപ്പ് പ്രകാരം പ്രതിയെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അത് അനുവദിക്കാവൂ,’ എന്ന് ‘ ജസ്റ്റിസുമാരായ അഭയ് എസ് ഓകയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.