സിപിഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഐഎമ്മിന് കടുത്ത വിമർശനം

സിപിഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഐഎമ്മിന് കടുത്ത വിമർശനം. പിണറായിസം നടപ്പാക്കുവാൻ ശ്രമിക്കുന്നതായി രൂക്ഷമായി റിപ്പോർട്ടില് വിമർശിക്കുന്നു.സിവിൽ സപ്ലൈസ്, കൃഷി- മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് ഫണ്ട് നൽകുന്നതിൽ ധമന്ത്രി പിശുക്ക് കാണിക്കുന്നു. സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഒരു വ്യക്തിയുടെ കഴിവാണെന്ന് വരുത്തി തീർക്കുവാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുന്നണിയിൽ കേരള കോൺഗ്രസിന് നൽകുന്ന പ്രധാന്യം തിരുത്തേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016ൽ അധികാരത്തിൽ വന്ന ഒന്നാം എൽഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് 2021ൽ അധികാരത്തിൽ വന്ന രണ്ടാം സർക്കാരിൻ്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന അഭിപ്രായവും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. വനംവകുപ്പിനെതിരെയും റിപ്പോർട്ടിൽ രൂക്ഷവിമർശനമുണ്ട്. വനം വന്യജീവി സംഘർഷം ഒഴിവാക്കാൻ വനംവകുപ്പിന് കഴിയുന്നില്ലെന്നും വനം വകുപ്പ് തമ്പുരാക്കന്മാർക്ക് പാവപ്പെട്ട മനുഷ്യ ജീവൻറെ വില അറിയില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ടില്ലെന്നും സിപിഐഎം ഭരിക്കുന്ന വകുപ്പുകൾക്ക് ധനമന്ത്രി വാരിക്കോരി കൊടുക്കുന്നുവെന്നും റിപ്പോർട്ടിൽ വിമർശനം. . സിപിഐഎം നേതാക്കളുടെ അനവസരത്തിലുള്ള ചില പ്രസ്താവനകളും ബ്രൂവറി പോലെയുള്ള മദ്യ ഉൽപ്പന്നം ഉണ്ടാക്കാനുള്ള തീരുമാനങ്ങളും തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ നടത്തുന്ന സമരങ്ങളോടുള്ള നിഷേധാത്മക സമീപനങ്ങളും തിരുത്തി കൂടുതൽ ജനപക്ഷ നിലപാടുകൾ എടുക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.