‘പൊലീസില്‍ സര്‍ക്കാര്‍ വിരുദ്ധ ലോബി, ഹെഡ് മാസ്റ്റര്‍ക്കെതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത് ‘
സംസ്ഥാന പൊലീസില്‍ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് പിവി അൻവർ എംഎല്‍എ. ഉന്നയിച്ച പരാതികളില്‍ തനിക്ക് ഒരുറപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടശേഷമാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. എഡിജിപി എംആർ അജിത് കുമാർ ഉള്‍പ്പടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളും അദ്ദേഹം എംവി ഗോവിന്ദനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നലെ നല്കിയ പരാതിയുടെ പകർപ്പും കൈമാറി.
‘ ലക്ഷക്കണക്കിന് സഖാക്കള്‍ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. സർക്കാർ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരമാണത്. വിശ്വസിച്ച് ഏല്‍പ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. അൻവർ ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂ. സർക്കാരിനെ തകർക്കാനുള്ള ലോബിക്കെതിരായ വിപ്ളവമായി ഇതുമാറും. വിപ്ലവം പെട്ടെന്നുണ്ടാവില്ല. തെളിവുകളിലേക്കുളള സൂചനാ തെളിവാണ് കൊടുത്തത്. വിശദമായി അന്വേഷിച്ച ശേഷമാണ് ഞാൻ കാര്യങ്ങള്‍ പറഞ്ഞത്.
ആരോപണങ്ങള്‍ അന്വേഷിച്ചുകണ്ടെത്താൻ കേരള പൊലീസിന് കഴിയും. അന്വേഷണം ആരംഭിക്കാനിരിക്കുന്നതല്ലേയുള്ളൂ. അതിനാല്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടില്ല. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുതോന്നിയാല്‍ അപ്പോള്‍ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്.
ഹെഡ് മാസ്റ്റർക്കെതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്. അങ്ങനെയുള്ള നയം ഉണ്ടാകില്ല. ഇന്നലെ പരാതി കൊടുത്തതല്ലേയുള്ളൂ. സർക്കാർ അത് പഠിക്കട്ടെ. മാദ്ധ്യമങ്ങള്‍ക്കുള്ള തിടുക്കം എനിക്കില്ല ‘- അൻവർ പറഞ്ഞു.