സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും പത്രിക സമര്‍പ്പിച്ചു
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കും. എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലുള്ള ചര്‍ച്ച സമയവായത്തിലെത്താത്ത സാഹചര്യത്തിലാണിത്.
എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി ബിജെപി എംപി ഓം ബിര്‍ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പതിനേഴാം ലോക്സഭയുടെ സ്പീക്കറായിരുന്നു ഓം ബിര്‍ള. രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് അദ്ദേഹം.
ലോക്സഭയിലെ മുതിർന്ന അംഗവും കോണ്‍ഗ്രസ് എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിക്കും. കൊടിക്കുന്നിലും നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും പത്രിക സമർപ്പിച്ചത്.
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാന്‍ ബിജെപി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്കിയാല് മത്സരിക്കുന്നതില്‍നിന്ന് പിന്മാറാമെന്ന് ഇന്ത്യാ സഖ്യം അറിയിച്ചു. ഇതിന് സര്‍ക്കാര്‍ വഴങ്ങാതിരുന്നതോടെയാണ് പ്രതിപക്ഷം മത്സരിക്കാൻ തീരുമാനിച്ചത്.