തമിഴ്നാട്ടിൽ 39 സീറ്റിലും തങ്ങൾ വിജയം നേടുമെന്ന് DMK സർവേ ; അവിടെയും ബിജെപി വട്ടപ്പൂജ്യം
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റില്‍ 39-ലും വിജയിക്കുമെന്നുറപ്പച്ച് ഡിഎംകെയുടെ ആഭ്യന്തരസര്‍വേ. 32 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്തു ബിജെപി യുടെ സീറ്റ് നില വട്ടപൂജ്യമാകുമെന്നാണ് സര്‍വേയില്‍ പറയുന്നത് . ഏപ്രില്‍ 19ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഡിഎംകെ നേതൃത്വം സര്‍വേ നടത്തിയത്. സംസ്ഥാനത്ത് ഇന്ത്യ സഖ്യം അനായാസം ജയിക്കുമെന്ന് ഡിഎംക സര്‍വേ പറയുന്നു.
ഡിഎംകെയിലെ പ്രമുഖര്‍ ചേര്‍ന്നാണ് ഈ സര്‍വേ തയ്യാറാക്കിയത്. 32 സീറ്റുകളില്‍ ഡിഎംകെ സഖ്യം വമ്പന്‍ വിജയം നേടുമെന്നാണ് സര്‍വേ പറയുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം വിജയിച്ച സീറ്റുകളാണിത്. അതില്‍ എല്ലാം വമ്പന്‍ ജയം ഇന്ത്യ സഖ്യം നേടുമെന്നും സര്‍വേ വ്യക്തമാക്കി
.അതേസമയം ഏഴ് സീറ്റുകളില്‍ അണ്ണാഡിഎംകെയുമായി ഡിഎംകെ സഖ്യം മത്സരം നേരിടുന്നുണ്ട്. ഇവയില്‍ ചെറിയ മാര്‍ജിനില്‍ വിജയിച്ച് കയറുമെന്നും സര്‍വേ പ്രവചിക്കുന്നു. തേനി, തിരുനെല്‍വേലി, ട്രിച്ചി, പൊള്ളാച്ചി, രാമനാഥപുരം അടക്കമുള്ള ഏഴ് സീറ്റുകളിലാണ് അണ്ണാഡിഎംകെയില്‍ നിന്ന് കടുത്ത മത്സരം ഡിഎംകെ നേരിടുന്നത്.മത്സരം കഠിനമാണെങ്കില്‍ ഇന്ത്യ സഖ്യത്തിന് അനുകൂലമായി വരുമെന്നാണ് സര്‍വേ പറയുന്നത്. ഒറ്റ സീറ്റിലും ബിജെപി വിജയിക്കില്ലെന്ന് സര്‍വേ അടിവരയിട്ട് പറയുന്നു. ഒരു സീറ്റില്‍ കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് സര്‍വേ പറയുന്നു. അവിടെ വിജയിക്കുക അങ്ങേയറ്റം കഠിനമായിരിക്കുമെന്നും സര്‍വേ വ്യക്തമാക്കി.
അതേസമയം ഏതാണ് ത്രില്ലര്‍ പോരാട്ടം നടക്കുന്ന സീറ്റ് എന്ന് ഡിഎംകെ വെളിപ്പെടുത്തിയിട്ടില്ല. ഡിഎംകെ സംസ്ഥാനത്ത് എല്ലാ സീറ്റും തൂത്തുവാരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സീറ്റ് അതിനെ തടഞ്ഞേക്കാമെന്നും സര്‍വേ പറയുന്നു. കല്ലകുറിച്ചിയോ ധര്‍മപുരിയോ ആയിരിക്കും ഈ സീറ്റ് എന്നാണ് അഭ്യൂഹങ്ങള്‍. 80 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയ സീറ്റാണിത്. 69.72 ആണ് തമിഴ്നാട്ടിലെ പോളിംഗ് ശതമാനം.
2019നെ അപേക്ഷിച്ച് ഇത് കുറവാണ്. 72 ശതമാനത്തില്‍ അധികം പോളിംഗുണ്ടായിരുന്നു 2019ല്‍. ഇതാണ് ഡിഎംകെയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. അതേസമയം സഖ്യ സാധ്യതകള്‍ എത്രത്തോളം ശക്തമായിരുന്നു എന്ന് പരിശോധിക്കാന്‍ കൂടിയാണ് സര്‍വേ നടത്തിയത്. ജില്ലാ അധ്യക്ഷന്മാരുടെയും മണ്ഡലങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ പോരാട്ടമാണ് നടന്നത്. അതുപോലെ തേനിയില്‍ ടിടിവി ദിനകരനാണ് മത്സരിച്ചത്. ഇവിടെ കടുത്ത മത്സരമാണ് നടക്കുന്നത്. അതുപോലെ നൈനാര്‍ നാഗേന്ദ്രന് തിരുനെല്‍വേലിയിലും, രാമനാഥപുരത്ത് എന്‍ഡിഎ സ്വതന്ത്രനായി ഒ പനീര്‍സെല്‍വവും മത്സരിക്കുന്നുണ്ട്.
ഇതെല്ലാം എങ്ങോട്ട് വേണമെങ്കിലും മറിയാവുന്നതാണ്. പിഎംകെ നേതാവ് അന്‍പുമണി രാമദാസിന്റെ ഭാര്യ സൗമ്യ മത്സരിച്ച ധര്‍മപുരി കൈവിട്ടേക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗും ഇവിടെയാണ് കണ്ടത്. സാമുദായിക അടിസ്ഥാനത്തില്‍ ധ്രുവീകരണം ഉണ്ടായെന്നും ഇത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായേക്കുമെന്നാണ് സൂചന.