ബിജെപിക്കെതിരെ പടയൊരുക്കം; ഇന്ത്യാസഖ്യത്തിന്റെ റാലി ഇന്ന് റാഞ്ചിയില്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാസഖ്യത്തിന്റെ റാലി ഇന്ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശരദ് പവാര്‍ (എന്‍സിപി), അഖിലേഷ് യാദവ് (എസ്പി), ഉദ്ധവ് താക്കറെ (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), എം.കെ.സ്റ്റാലിന് (ഡിഎംകെ), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), ദിപാങ്കര്‍ ഭട്ടാചാര്യ (സിപിഐ എംഎല്), അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത (ആംആദ്മിപാര്‍ട്ടി) തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ടെന്നു ജെഎംഎം നേതാക്കള്‍ അറിയിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ക്ഷണമുണ്ടെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരായുള്ള പ്രതിഷേധ സംഗമം കൂടിയാണ് സമ്മേളനം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡല്‍ഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം നടത്തിയത്. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യം ദൃഢമാക്കാന്‍ ഇത്തരത്തിലുള്ള പൊതുസമ്മേളനങ്ങള്‍ ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍.
ഹേമന്ത് സോറന്റെ അറസ്റ്റില്‍ ജാര്‍ഖണ്ഡിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുണ്ടായ അമര്‍ഷത്തെ ബിജെപിക്കെതിരായ ആയുധമാക്കാനും ലക്ഷ്യമിട്ടാണ് നേതാക്കള്‍ റാഞ്ചിയിലേക്കെത്തുന്നത്. മേയ് 13 മുതല്‍ ജൂണ്‍ 1 വരെ 4 ഘട്ടങ്ങളിലായാണു ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ്.