ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കെ.ടി.ആര്
ജൂണ്‍ രണ്ടിന് ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റ് കെ. ടി. രാമറാവു. ബി.ആർ.എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ജൂണ്‍ 2നാണ് തെലങ്കാന രൂപീകരിച്ചത്. ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്ന് മുമ്ബ് ഊഹാപോഹങ്ങളുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിന്റെ ഭാഗമായി 10 വർഷത്തേക്ക് ഹൈദരാബാദ് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പൊതു തലസ്ഥാനമാക്കുകയായിരുന്നു. ഈ വർഷം ജൂണ്‍ രണ്ടിന് 10 വർഷത്തെ കാലയളവ് അവസാനിക്കുമെന്നും അതിനാല്‍ ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ പരാജയപ്പെടുത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും, ആവശ്യത്തിന് എം.പിമാരുണ്ടായിരുന്നെങ്കില്‍ പാർലമെന്റില്‍ ശബ്ദമുയർത്തി അത്തരം നീക്കങ്ങള്‍ തടയാൻ ബി.ആർ.എസിന് കഴിയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു