പറവൂരിൽ ഷൈൻ ടീച്ചറെ ഇറക്കി വി ഡി സതീശനെ ഇത്തവണ തറ പറ്റിക്കും; 20 വർഷങ്ങളായി തോൽക്കുന്ന സിപിഐ ഒന്ന് മാറിത്തന്നാൽ മതി

വരാൻ പോകുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേ തന്ന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സീറ്റ് വച്ചുമാറ്റം വീണ്ടും ചർച്ചയാവുകയാണ്.
ഇപ്പോളത്തെ സാഹചര്യം കൂടി കണക്കിലെടുത്ത്, പറവൂർ- പിറവം സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വച്ചുമാറാനുള്ള സാദ്ധ്യതകള്‍ സംബന്ധിച്ചാണ് ചർച്ചകള്‍. വർഷങ്ങളായി സി.പി.ഐ മത്സരിക്കുന്ന പറവൂരില്‍ കോണ്‍ഗ്രസാണ് തുടർച്ചയായി വിജയിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായിരുന്ന പന്ന്യൻ രവീന്ദ്രനെ വരെ കളത്തിലിറക്കിയിട്ടും സി.പി.ഐക്ക് സീറ്റ് പിടിക്കാനായില്ല.
ഇത്തവണ പറവൂരില്‍ വി.ഡി. സതീശന്റെ വിജയ പരമ്പര അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാം തന്നെ ഉണ്ടെന്നും, പക്ഷേ സി.പി.എം അവിടെ സീറ്റ് ഏറ്റെടുത്താലെ വിജയിക്കാനാകൂ എന്നും പാർട്ടി പ്രാദേശിക നേതൃത്വം കരുതുന്നു. ഈ വികാരം ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പറവൂർ വിട്ടുനല്‍കാൻ സി.പി.ഐ തയാറായാല്‍ പിറവം അവർക്ക് നല്‍കാമെന്നും സി.പി.എം പ്രാദേശിക നേതാക്കള്‍ കണക്ക് കൂട്ടുന്നു.
എന്നാൽ സി.പി.ഐയ്ക്ക് വേരോട്ടമുള്ള മണ്ണാണ് പറവൂരെന്നും സിറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് സി.പി.ഐയിലെ പൊതുവികാരം. പരമ്ബരാഗത ക്രിസ്തീയ വോട്ടുകള്‍ ഏറെയുള്ള പിറവം മണ്ഡലം തങ്ങളുടെ ശക്തി കേന്ദ്രമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പറവൂർ നല്കി പിറവം സ്വീകരിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് മുൻപ് ഇത്തരം ചർച്ചകള്‍ നടന്നപ്പോള്‍ ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണങ്ങള്‍ക്ക് ഇരയായ സി.പി.എം നേതാവും കെ.പി.എസ്.ടി.എ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.ജെ. ഷൈനെ സതീശനെതിരെ രംഗത്തിറക്കണമെന്നാണ് ചില സി.പി.എം വൃത്തങ്ങള്‍ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
കെ ജെ ഷൈനെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന പ്രചാരണം അണികള്‍ ഏറ്റെടുത്തതോടെ പൊതു സമൂഹത്തില്‍ ഷൈൻ ടീച്ചറിന് പിന്തുണ ഏറുകയാണ്. ബോധപൂർവമായ അധിക്ഷേപങ്ങള്‍ക്ക് വിധേയായ ഒരു സ്ത്രീ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍, എളുപ്പത്തിൽ വോട്ടാക്കി മാറ്റാമെന്നും സി.പി.എം വൃത്തങ്ങള്‍ കണക്കു കൂട്ടുന്നു. മാത്രവുമല്ല ഈ വ്യാജ ആരോപണത്തിന് പിന്നിൽ വി ഡി സതീശന്റെ ബുദ്ധിയാണെന്ന തരത്തിലും ആരോപണങ്ങൾ ഉയരുന്നുണ്ട്. സ്ത്രീ വോട്ടർമാർക്കിടയിൽ ഇത് സതീശന് ദോഷം ചെയ്യുമെന്ന്നാണ് വിലയിരുത്തൽ.
എന്നാൽ സീറ്റ് മാറ്റത്തെക്കുറിച്ചൊന്നും ഗൗരവതരമായ ചർച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടുന്നതിനാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ആദ്യത്തെ പരിഗണന. ബാക്കിയൊക്കെ അതിന് ശേഷമേ ആലോചിക്കൂ എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറയുന്നത്.
സീറ്റ് വച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകള്‍ ഒന്നും തന്നെ നിലവിലില്ല. ഉഭയകക്ഷി ചർച്ചകളും മുന്നണി ചർച്ചകളുമെല്ലാം നടക്കാറുണ്ട്. അതിലൊന്നും ഇത്തരമൊരു ആലോചന വന്നിട്ടേ ഇല്ല എന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ അരുണും പറയുന്നു.
എന്തായാലും വി ഡി സതീശനെ പറവൂരിൽ വിഡി സതീശനെ പറവൂരിൽ തറ പറ്റിക്കാനുള്ള ഒരു സുവർണ്ണാവസരം തന്നെയാണ് സിപിഎമ്മിന് കിട്ടിയിരിക്കുന്നത്.
കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒരു ഈഴവ വിരോധിയാണെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും നില നിൽക്കുന്നുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഹങ്കാരിയും ധാര്‍ഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാം. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന് രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിചിരുന്നു.
മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് സതീശന്റെ അഹങ്കാരം. ഈഴവന്റെ ബുദ്ധിയെയാണ് സതീശന് ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. നമ്മുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശന് . നാളെ തോല്ക്കാന് വേണ്ടിയിട്ടാണ് സതീശന് ഇതൊക്കെ പറയുന്നത് എന്നും വെള്ളാപ്പള്ളി അടുത്തിടെ പറവൂരിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് പറഞ്ഞിരുന്നു.
സതീശൻ തോറ്റാലും ജയിച്ചാലും ഒരു കാര്യം വ്യക്തമാണ്. സിപിഐ എന്ന പാർട്ടി വര്‍ഷങ്ങളായി പറവൂരിൽ പരാജയമാണ്. 1996 ന് ശേഷം വിജയിക്കാതെ സിപിഐ പന്ന്യൻ രവീന്ദ്രനെ വരെ കളത്തിൽ ഇറക്കിയെങ്കിലും സതീശനെ പിടിച്ച് കെട്ടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇത്തവണ പിറവത്ത് പോയാലും സിപിഐക്ക് മോശമായി ഒന്നും സംഭവികാനില്ല. എന്നാൽ പറവൂർ സിപിഎം ഏറ്റെടുത്താൽ സതീശന്റെ വിജയ പരമ്പര അവസാനിപ്പിക്കാനും കഴിഞ്ഞേക്കും.