“പത്ത് വർഷത്തിനിടെ മോദി അംബാനി,അദാനി എന്ന് ഉച്ഛരിച്ചിട്ടില്ല”;യു പി യിൽ മോദിക്കെതിരെ ശബ്ദം ഉയർത്തി രാഹുൽ
2024 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.’നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസ്സില്‍ കുറിച്ചുകഴിഞ്ഞു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഭയപ്പെടുന്ന ഒരാള്‍ സ്വന്തം വിശ്വാസം അനുസരിച്ച് അവനെ രക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയുടെ പേര് പറയുന്നു. സമാനമായ രീതിയില്‍ നരേന്ദ്രമോദി തന്നെ രക്ഷിക്കാന്‍ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ പേര് പറയുകയാണ്. അംബാനി.. അദാനി എന്നെ രക്ഷിക്കൂ എന്നാണ് പറയുന്നത്. ഏത് ട്രക്കില്‍ എന്ത് പണം അദാനി കൊണ്ടുവന്നുവെന്ന് മോദിക്ക് അറിയാം വ്യക്തിപരമായ അനുഭവം അദ്ദേഹത്തിനുണ്ടെന്നും രാഹുല്‍ കടുത്ത ഭാഷയിൽ മറുപടി നൽകി .
തെലങ്കാന കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് അംബാനി- അദാനി വിഷയത്തിൽ മോദി രാഹുലിനെയും കോൺഗ്രസിനേയും കടന്നാക്രമിച്ചത്.അംബാനിയും അദാനിയുമായി രാഹുല്‍ ഒത്തുതീര്‍പ്പാക്കിയെന്ന് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചിരുന്നു.ഒത്തുതീര്‍പ്പുണ്ടാക്കിയതിനാലാണ് രാഹുല്‍ രണ്ടുപേരെക്കുറിച്ചും മിണ്ടാത്തത്. ടെമ്പോയില്‍ നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണോ രാഹുല്‍ മിണ്ടാത്തതെന്നും മോദി ചോദിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ എന്തുകൊണ്ടാണ് ‘അംബാനി- അദാനി’ വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്നായിരുന്നു മോദിയുടെ ചോദ്യം.
‘അവര്‍ അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ രാഹുൽ തയ്യാറാവണം. എന്തായിരുന്നു ഡീല്‍?. കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ നിറച്ചും പണം നൽകിയിട്ടുണ്ട്’- ഇതായിരുന്നു നരേന്ദ്ര മോദി ഉന്നയിച്ച ആരോപണം .
തൊട്ടു പിന്നാലെ തന്നെ മോദിയുടെ ആരോപണത്തിന് രാഹുൽ മറുപടി യും ആയി രംഗത് വന്നിരുന്നു .
‘നമസ്കാരം മോദിജീ, എന്താ പേടിച്ചിരിക്കുകയാണോ?. സാധാരണ നിങ്ങൾ ആണ് അടച്ചിട്ട മുറികളിൽ അദാനിയും അംബാനിയുമായും ചർച്ച നടത്തുന്നത് . എന്നിട്ട് ഇപ്പോൾ പുറത്ത് ആദ്യമായി അദാനി, അംബാനി എന്ന് പറയുന്നു. അവർ കോൺഗ്രസിന് ടെമ്പോയിൽ പൈസ തരുന്നുവെന്ന് പറയുന്നു. അത് നിങ്ങളുടെ സ്വന്തം അനുഭവമാണോ?’ഒരു കാര്യം ചെയ്യൂ. സിബിഐയെയും ഇ.ഡിയേയും അവരുടെ അടുത്തേക്ക് അയക്കൂ… വിവരങ്ങൾ ശേഖരിക്കൂ. പെട്ടെന്ന് ചെയ്യൂ. പരിഭ്രമിക്കേണ്ട… അവർക്ക് മോദി എത്ര രൂപ കൊടുത്തോ അത്രത്തോളം പൈസ ഞങ്ങൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്’-‘ബിജെപി സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കി. അവര്‍ക്ക് പ്രധാനമന്ത്രി കൊടുത്ത അത്രയും പണം തങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കും. മഹാലക്ഷ്മി യോജനയിലൂടെയും പെഹ്ലി നൗകരി യോജനയിലൂടെയും തങ്ങള്‍ ഒരുപാട് ലക്ഷാധിപതികളെയുണ്ടാക്കും’- ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി . നേരത്തെ കോൺഗ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി യും രംഗത്ത് എത്തിയിരുന്നു .. ആദ്യമായി മോദി ഒരു പൊതുവേദിയിൽ അംബാനിയെയും അദാനിയേയും കുറിച്ച് പ്രസംഗിക്കുന്നതെന്ന പ്രത്യേകത തെലങ്കാന പ്രസംഗത്തിൽ പലരും ഉയർത്തിക്കാട്ടിയിരുന്ന സാഹചര്യത്തിലാണ് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.നോട്ടുകെട്ടുകൾ കൊണ്ട് പോയ ടെമ്പോയെകുറിച്ചും അതിന്റെ രെജിസ്ട്രേഷൻ നമ്പറുൾപ്പടെ മോദിക്കറിയാമെന്നും. എത്രയും വേഗം ഇ ഡി യും സിബിഐയും ആ വിവരങ്ങൾ വച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്. എക്സിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.