അമ്മ തനിക്ക് ജന്മം നല്‍കിയിട്ടില്ലെന്ന് പറയുന്നയാള്‍ പ്രധാനമന്ത്രിയാകാൻ മാനസികമായി യോഗ്യനാണോ? -ചോദ്യവുമായി ധ്രുവ് റാഠി
ന്യൂഡല്‍ഹി: അമ്മ തനിക്ക് ജന്മം നല്‍കിയിട്ടില്ലെന്ന് പറയുന്ന ഒരാള്‍ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ എന്ന ചോദ്യവുമായി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി.
തന്റെ ഊർജം ജൈവികപരമല്ലെന്നും തന്നെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സമൂഹ മാധ്യമമായ ‘എക്സി’ല്‍ ധ്രുവ് റാഠി ചോദ്യമുന്നയിച്ചത്.
‘തന്റെ അമ്മ തനിക്ക് ജന്മം നല്‍കിയിട്ടില്ലെന്ന് ഒരാള്‍ പറയുകയാണ്. തന്റെ ജനനം ജൈവപരമായല്ല എന്ന് അയാള്‍ സ്വയം വിശ്വസിക്കുന്നു. അത്തരമൊരാള്‍ ഏതൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ?’ -ഇതായിരുന്നു ധ്രുവിന്റെ കുറിപ്പ്.
വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് മോദി ഈയിടെ രംഗത്തുവന്നിരുന്നു. ദൈവത്തിന്റെ ഒരു ഉപകരണമാണ് താനെന്നും തന്റെ ഊർജം ജൈവികപരമല്ലെന്നുമായിരുന്നു ഒരു ടെലിവിഷൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ മോദിയുടെ അവകാശവാദം. ദൈവം കനിഞ്ഞു നല്‍കിയതാണ് തന്റെ ഊർജമെന്നും മോദി പറഞ്ഞു. അതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളാണ് വിഡിയോക്ക് താഴെ പരിഹാസവുമായി എത്തിയിട്ടുള്ളത്.
‘ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞാൻ വിശ്വസിച്ചിരുന്നത്. എന്നാല്‍ അമ്മ മരിച്ചപ്പോള്‍, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോള്‍ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസ്സിലായി. എന്റെ ശരീരത്തിലെ ഊർജം കേവലം ജൈവികമായ ഒന്നല്ല, അത് ദൈവികപരമാണ്. ലക്ഷ്യം നേടാൻ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാല്‍ എന്തുകാര്യം ചെയ്യുമ്ബോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം’-എന്നാണ് ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞത്. 2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് താങ്കള്‍ ഇക്കുറി കൂടുതല്‍ സജീവമാണല്ലോ എന്ന് റിപ്പോർട്ടർ സൂചിപ്പിച്ചപ്പോഴായിരുന്നു ഇത്തരമൊരു മറുപടി. എല്ലാം ദൈവത്തിന്റെ കളിയാണെന്ന മോദിയുടെ വിശദീകരണത്തെ ട്രോളുകളില്‍ മുക്കുകയാണ് നെറ്റിസണ്‍സ്.