‘സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം’; ജീവനൊടുക്കിയ നിക്ഷേപകനെ അവഹേളിച്ച് എംഎം മണി
കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം എം മണി എം എല്‍ എ. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു സാബുവിനെ അവഹേളിക്കുന്ന തരത്തിലുള്ള എം എം മണിയുടെ പ്രസ്താവന. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്മുണ്ടോ, ഇതിന് ചികിത്സ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല എന്നുമാണ് എം എം മണി പറഞ്ഞത്.
സാബുവിന്റെ മരണത്തില്‍ സി.പി.എം നേതൃത്വത്തിനോ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വി.ആര് സജിക്കോ പങ്കില്ല. വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സി.പി.എമ്മിന്റെ തലയില്‍ വെക്കരുത്. ഇതുപയോഗിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ ആരും നോക്കണ്ട. സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ട് എന്നും എം.എം മണി പറഞ്ഞു.