ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് നാളെ
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശത്തുമായി 58 മണ്ഡലങ്ങളാണ് ജനവിധി തേടുക.
കര്‍ഷക രോഷം ശക്തമായ ഹരിയാനയിലും ഇന്ത്യ സഖ്യം കൈകോര്‍ക്കുന്ന ദില്ലിയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. ദേശീയ നേതാക്കള്‍ അണിനിരന്ന വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമാണ് മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിയിലായ ബി ജെ പി പ്രചരണ വിഷയങ്ങള്‍ അടിക്കടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നിർണായകമായ ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കുന്നത്.
ബി ജെ പി ക്കെതിരെ ശക്തമായ പ്രചരണം നടത്തിയ ഇന്ത്യ സഖ്യം വലിയ പ്രതിക്ഷയിലാണ്. ഭരണഘടന ജനാധിപത്യ സംരക്ഷണത്തിനായിരിക്കണം ഓരോ വോട്ടുമെന്ന് സോണിയ ഗാന്ധിയുടെ സന്ദേശം. 6 സംസ്ഥാനത്തും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളില്‍ നാളെ പോട്ടെടുപ്പ് നടക്കും. 2019 ല്‍ 58 മണ്ഡലങ്ങളില്‍ 45 ഇടത്തും ജയിച്ച ബി ജെ പിയും സഖ്യകക്ഷികളും ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.