ഇവിടെ ഭരിക്കുന്നത് പിണറായി, ഒരാൾക്കും ഒഴിയേണ്ടി വരില്ല; പി. ജയരാജൻ
വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോൻെറ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാർ വിറ്റ് പണമാക്കിയതെന്നും സിപിഎം സംസഥാന കമ്മിറ്റി അംഗം പി.ജയരാജൻ. വഖഫ് സ്വത്ത് പണം കൊടുത്തുവാങ്ങാൻ പറ്റില്ല. ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണ്. ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വഖഫ് ഭൂമിയുടെ പേരിൽ സംരക്ഷകരായി ആർഎസ്എസ്, ബിജെപിക്കാർ ഇറങ്ങിയിട്ടുണ്ട്. മുനമ്പം വിഷയം വർഗീയ വത്ക്കരിക്കാൻ ബിജെപിയും ലീഗും ശ്രമിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ
വഖഫ് വിഷയം മതപരമായ പ്രശ്നമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോൻ്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാർ വിറ്റു കാശാക്കി. വഖഫ് സ്വത്ത് ലീഗിൻ്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കൾ കണ്ടെത്താനാണ് വി.എസ്. സർക്കാർ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവർ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാൻ പറ്റില്ല വഖഫ് ഭൂമിയെന്നും പി ജയരാജൻ പറഞ്ഞു.
സിപിഎം വിരുദ്ധർ സർക്കാരിനും പാർട്ടിക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണ്. അച്ചടി, ദൃശ്യ, സോഷ്യൽ മീഡിയകളിൽ സിപിഎം വിരുദ്ധത മാത്രമാണ് വരുന്നത്. സിപിഎം സമ്മേളനത്തിൻ്റെ ഘട്ടത്തിലാണ് വിരുദ്ധർ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ഇതിന് മുമ്പും ഇത്തരം പ്രചരങ്ങൾ നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ എല്ലാ കാലത്തും കേട്ടിട്ടുള്ള അപവാദ പ്രചരണങ്ങളുടെ തുടർച്ചയാണിത്. സിപിഎമ്മിൽ വിമർശനങ്ങൾ ഉണ്ടാകും, നയങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ അത്തരം വിമർശനങ്ങൾ വേണം. കൂടുതൽ ശക്തിയോടെ ഉരുകി തിളങ്ങി സിപിഎം വരുമെന്നും ജയരാജൻ പറഞ്ഞു.