വാരാണസിയില്‍ നിന്നും മൂന്നാം തവണയും ജനവിധി തേടി മോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു.ഗംഗാ നദിയില്‍ പ്രാർഥന നടത്തിയ പ്രധാനമന്ത്രി അസ്സി ഘട്ട് സന്ദർശിച്ചാണ് തൻ്റെ ദിവസം ആരംഭിച്ചത്.തുടർന്ന് കാലഭൈരവ ക്ഷേത്രച്ചിലും ദർശനം നടത്തിയ ശേഷമാണ് വാരാണസി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ചന്ദ്രബാബു നായിഡു, ജിതൻ റാം മാഞ്ചി, ഓംപ്രകാശ് രാജ്ഭർ, സഞ്ജയ് നിഷാദ്, എൻഡിഎ സഖ്യത്തിലെ രാംദാസ് അത്വാലെ എന്നിവരും വാരാണസിയിലെ കളക്ട്രേറ്റിലെത്തിയിരുന്നു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ പ്രധാനമന്ത്രി റോഡ്ഷോ നടത്തിയിരുന്നു. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വാരാണസിയുടെ വികസനത്തിനായി ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
2014ലാണ് പ്രധാനമന്ത്രി ആദ്യമായി ഇവിടെ നിന്ന് ജനവിധി തേടിയത്. വീണ്ടും വാരാണസിയില്‍ നിന്ന് മത്സരിക്കാനൊരുങ്ങുന്ന വേളയില്‍ താൻ വളരെയധികം വികാരഭരിതനാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.