‘സോണിയയെ രാഹുല്‍ ഭീഷണിപ്പെടുത്തി’; രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കിയ നട്വര് സിംഗിൻ്റെ വെളിപ്പെടുത്തലുകള്‍
കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച പുസ്തകങ്ങളില്‍ ഒന്നായിരുന്നു അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി കെ.നട്വർ സിംഗിൻ്റെ ആത്മകഥയായ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്: ആൻ ഓട്ടോബയോഗ്രഫി.
2014ല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പുറത്തിറങ്ങിയ ആത്മകഥ സൃഷ്ടിച്ച കോളിളക്കങ്ങള്‍ ചെറുതായിരുന്നില്ല. നട്വർ സിംഗിൻ്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയായി താൻ ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിക്കേണ്ട അവസ്ഥവരെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്കുണ്ടായി.
2004ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി പദമേറ്റെടുക്കാൻ വിസമ്മതിച്ചത് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ആത്മകഥയിലൂടെ (പേജ് 319 ) നട്വർ സിംഗ് വെളിപ്പെടുത്തി. തൻ്റെ പിതാവ് രാജീവ് ഗാന്ധിയെപ്പോലെയോ മുത്തശ്ശി ഇന്ദിരാഗാന്ധിയെപ്പോലെയോ താനും കൊല്ലപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ഭയപ്പെട്ടിരുന്നു. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാൻ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തി. കൂടാതെ ആ പദവി നിരസിക്കുന്നതായി പ്രഖ്യാപിക്കാൻ 24 മണിക്കൂർ അന്ത്യശാസനം പോലും നല്‍കിയതായും പുസ്തകത്തില്‍ പറയുന്നു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും സോണിയയേയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്ന ആത്മകഥ പാർട്ടിയെ വളരെയേറെ പ്രതിസന്ധിയിലാക്കി. സോണിയ ഗാന്ധിയെ ‘സ്വേച്ഛാധിപതി’ എന്നും ‘സ്വന്തംകാര്യം നേടാൻ എന്തും ചെയ്യുന്ന കുടിലബുദ്ധിക്കാരി’ എന്നുമാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 45 വർഷം നെഹ്രു കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന തന്നോട് വളരെ ക്രൂരമായിട്ടാണ് സോണിയ പെരുമാറിയത്. അത്തരത്തില്‍ ഒരു ഇന്ത്യക്കാരനും തന്നോട് പെരുമാറില്ലെന്നും പുസ്തകത്തില്‍ നട്വർ സിംഗ് ആരോപിച്ചു.
“ഞാൻ എൻ്റെ സ്വന്തം പുസ്തകം എഴുതും, അപ്പോള്‍ നിങ്ങള്‍ എല്ലാം അറിയും. ഞാൻ എഴുതിയാല്‍ മാത്രമേ സത്യം പുറത്തുവരൂ.. ഞാൻ അതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്” – എന്നായിരുന്നു നട്വർ സിംഗിൻ്റെ ആരോപണങ്ങളെ തളളിക്കൊണ്ട് സോണിയാ ഗാന്ധിയുടെ പ്രതികരണം.
പ്രധാനമന്ത്രി എന്ന നിലയില്‍ മൻമോഹൻ സിംഗ് വലിയ പരാജയമായിരുന്നു. അധികാരത്തിലിരുന്ന 10 വർഷക്കാലയളവില്‍ തൻ്റേതായ ഒരു അടയാളപ്പെടുത്തല്‍ പോലും നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വളരെ ചെറിയ കാര്യങ്ങള്‍ പോലും ഓർമിക്കുന്ന മൻമോഹൻ വികാരപ്രകടനങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ വിദഗ്ധനാണെന്നും മുൻ സഹപ്രവർത്തകനായ ന്ടവർ സിംഗ് പുസ്തകത്തില്‍ കുറിച്ചു.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലത്തെ നിരവധി സംഭവ വികാസങ്ങളും ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. തൻ്റെ വിദേശകാര്യ മന്ത്രി സ്ഥാനം തെറിപ്പിച്ച ഇറാഖിലേക്ക് എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട വോള്‍ക്കർ റിപ്പോർട്ടിനെ സംബന്ധിച്ച വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. താൻ മാത്രമല്ല കോണ്‍ഗ്രസ് പാർട്ടിയും അഴിമതിയുടെ ഗുണഭോക്താവാണെന്ന് റിപ്പോർട്ടിലുണ്ടെന്നും ആത്മകഥയില്‍ വിശദീകരിക്കുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് 2005ല്‍ ഒന്നാം യുപിഎ സർക്കാരില്‍ നിന്നും രാജിവെച്ച നട്വർ സിംഗിനെ 2006ല്‍ പാർട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.