സ്വര്‍ണക്കൊള്ളക്കേസില്‍ അനാവശ്യമായി സോണിയയെ വലിച്ചിഴച്ചു; കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദം കൊഴുക്കുന്നതിനിടെ, ഈ വിഷയം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കൈകാര്യം ചെയ്ത രീതിയോട് രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധിയുടെ പേര് ഈ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ അതൃപ്തിയെന്നാണ് വിവരം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയ ഗാന്ധിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും, അതുവഴി പ്രത്യാക്രമണം ശക്തമാക്കാന്‍ സിപിഎമ്മിന് അവസരം ഒരുക്കിയെന്നുമാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
സ്വര്‍ണക്കൊളളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ പോരാട്ടം അതിന്റെ പാരമ്യത്തില്‍ എത്തിയത്. ഈ ചിത്രങ്ങള്‍ ആയുധമാക്കി ഉണ്ണികൃഷ്ണന് പോറ്റിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടുത്തബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം.












