ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പുതിയ പേരുകളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പെട്ടെന്നുള്ള രാജിയോടെ, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പുതിയ പേരുകളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. നിലവില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. എങ്കിലും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. അടുത്തിടെ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴിത്തിയുള്ള പ്രസ്താവനകള്‍ തരൂര്‍ നടത്തുന്നത് ഇങ്ങനെ ചില കാര്യങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമാണെന്നാണ് സൂചന. തരൂരിന് വേണമെങ്കില്‍ കോണ്‍ഗ്രസിന് പുറത്തുപോകാം പുറത്താക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എങ്കിലും ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ആള് ആയിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യുക. ഇക്കാരണത്താല്‍ തന്നെ ഇരു സഭകളിലെയും അംഗങ്ങളുടെ എണ്ണം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും നിര്‍ണായകമാണ്.
നിലവിലെ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗസംഖ്യ ഭരണപക്ഷമായ എന്‍ഡിഎക്ക് അനുകൂലമാണ്. അതിനാല്‍ തന്നെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വലിയ സ്ഥാനമില്ല. ലോക്സഭയിലെ ആകെയുള്ള 543 സീറ്റുകളില്‍, ബാസിര്‍ഹട്ട് സീറ്റ് നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതായത് ലോക്സഭയുടെ നിലവിലുള്ള എണ്ണം 542 ആണ്. ഇതില്‍ എന്‍ഡിഎക്ക് ആകെ 293 എംപിമാരുടെ പിന്തുണയുണ്ട്. ഇത് ഭൂരിപക്ഷത്തേക്കാള്‍ അധികമായതിനാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഗുണകരമാകും.
രാജ്യസഭയില്‍ ആകെ 245 സീറ്റുകളുണ്ടെങ്കിലും നിലവില്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ നാലെണ്ണം ജമ്മു കശ്മീരില്‍ നിന്നും ഒന്ന് പഞ്ചാബില്‍ നിന്നുമാണ്. നിലവില്‍ രാജ്യസഭയില്‍ 240 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ എന്‍ഡിഎയ്ക്ക് 129 എംപിമാരുടെ പിന്തുണയുണ്ട്. കൂടാതെ പരമ്ബരാഗതമായി സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യുന്ന നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. നിലവിലെ കണക്കനുസരിച്ച് ഇരുസഭകളിലും ആയി 786 അംഗങ്ങളാണ് ഉള്ളത്. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 394 വോട്ടുകള്‍ ആണ് ആവശ്യമുള്ളത്. നിലവില്‍ എന്‍ഡിഎയ്ക്ക് 422 വോട്ടുകളുണ്ട്. അതായത് ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ പിന്തുണ നിലവില്‍ എന്‍ഡിഎയ്ക്ക് ഇരുസഭകളിലുമായി ഉണ്ട്.