കണക്കുക്കൂട്ടലുകള്‍ തെറ്റി ബി.ജെ.പി, ഒറ്റക്ക് ഭൂരിപക്ഷമില്ല; ചടുല നീക്കങ്ങളുമായി ഇൻഡ്യ സഖ്യം
400 സീറ്റുകള്‍ നേടി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാമെന്ന ബി.ജെ.പിയുടെയും എൻ.ഡി.എ സഖ്യത്തിന്റെയും പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പിക്ക്, ഇത്തവണ സർക്കാർ രൂപവത്കരണത്തിന് സഖ്യത്തിലെ മറ്റു പാർട്ടികളുടെ പിന്തുണ കൂടിയേ തീരു.
എന്‍.ഡി.എ സഖ്യം മുന്നേറുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. 543 അംഗ ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇൻഡ്യ സഖ്യ ക്യാമ്ബില്‍ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. സഖ്യത്തിലെ പാർട്ടികളെ ചേർത്തുനിർത്തിയും എൻ.ഡി.എക്കൊപ്പമുള്ള പ്രധാന പ്രദേശിക പാർട്ടികളെ കൂടെക്കൂട്ടിയും സർക്കാർ രൂപീകരണത്തിനുള്ള ചടുല നീക്കങ്ങള്‍ ഇൻഡ്യ സഖ്യം തുടങ്ങിയതായാണ് വിവരം.
ആന്ധ്രപ്രദേശില്‍ അധികാര സിംഹാസനത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനെയും ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും പിന്തുണ തേടി ഇൻഡ്യ സഖ്യം ബന്ധപ്പെട്ടിട്ടുണ്ട്. ഇരുപാർട്ടികളും ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എൻ.ഡി.എ ക്യാമ്ബിലെത്തിയത്. എൻ.സി.പി നേതാവ് ശരദ് പവാറാണ് ഇരുനേതാക്കളെയും ഫോണില്‍ വിളിച്ചത്.