എക്സിറ്റ് പോളുകള്‍ നിഷ്പ്രഭമായി
മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നും ഇന്ത്യ സഖ്യത്തിന് 150 സീറ്റിനു മുകളില്‍ ലഭിക്കില്ലെന്നുമുള്ള എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമായി.
പ്രമുഖ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകളില്‍ എൻഡിഎയ്ക്ക് 350ന് മുകളില്‍ സീറ്റുകളാണു പ്രവചിച്ചത്. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മറികടക്കുമെന്നും പ്രവചിച്ചിരുന്നു.
ശനിയാഴ്ച പുറത്തുവന്ന പത്ത് എക്സിറ്റ് പോളുകളില്‍ ഒന്‍പതും എൻഡിഎ മുന്നണിക്ക് 350 ലേറെ സീറ്റുകളാണു പ്രവചിച്ചത്. ഇന്ത്യ മുന്നണി 125നും 150നും ഇടയില്‍ മാത്രമേ സീറ്റ് നേടൂവെന്നും അവർ ഏകസ്വരത്തില്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ ബിജെപി അദ്ഭുതം സൃഷ്ടിക്കുമെന്നും കർണാടകയിലും തെലുങ്കാനയിലും തമിഴ്നാട്ടിലും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോളുകാർ പ്രവചിച്ചു.
എന്നാല്‍, ഛത്തീസ്ഗഡിലെ റായ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദി ദിനപത്രമായ ‘ദേശബന്ധു’വിന്റെ ഓണ്‍ലൈൻ ചാനലായ ഡിബി ലൈവിന്റെ എക്സിറ്റ്പോള്‍ മാത്രമാണ് യഥാർഥ ഫലത്തോട് അല്പമെങ്കിലും അടുത്തെത്തിയത്. പ്രമുഖ മാധ്യമങ്ങളാകട്ടെ ഈ എക്സിറ്റ്പോള്‍ ഫലം തമസ്കരിക്കുകയും ചെയ്തു.
ഇലക്ട്ലൈൻ ഓഫ് ഇന്ത്യ എന്ന ഏജൻസിയുടെ സഹായത്തോടെ ദേശബന്ധു നടത്തിയ എക്സിറ്റ് പോളില്‍ ഇന്ത്യ സഖ്യത്തിന് 255 മുതല്‍ 290 വരെ സീറ്റുകളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 207 മുതല്‍ 241 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.