അടിത്തറ ഇളകിയില്ല; മൂന്ന് സീറ്റിലും മുസ്ലിം ലീഗിന്റെ മിന്നും വിജയം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സീറ്റിലും ജയിച്ച് മുസ്ലിം ലീഗ് നടത്തിയത് മിന്നുംപ്രകടനം.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർഥികള്‍ വിജയിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർക്ക് കനത്ത തിരിച്ചടി നല്‍കാനും മികച്ച പ്രകടനത്തിലൂടെ പാർട്ടിക്ക് കഴിഞ്ഞു.
മുസ്ലിം ലീഗിനെ പരാജയപ്പെടുത്തണമെന്ന കാംപയിൻ ടീം സമസ്തയുടെ പേരിലാണ് പ്രചരിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർ പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാർഥികളെ തോല്‍പ്പിക്കാൻ പരമാവധി ശ്രമിച്ചു. പൊന്നാനിയില്‍ തോല്‍വിയുണ്ടാങ്കിലും ഭൂരിപക്ഷം കുറയുമെന്ന് ലീഗ് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രണ്ടിടത്തും ലഭിച്ചത്. പാർട്ടിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ വന്നപ്പോള്‍ പ്രവർത്തകർ കൂടുതല്‍ ഊർജസ്വലമായതാണ് മിന്നുംവിജയത്തിന് പിന്നിലെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.
2021 ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെക്കാള്‍ 1,86,118 വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ഇത്തവണ അധികം ലഭിച്ചു. ലീഗ് വിരുദ്ധർ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ച പൊന്നാനിയില്‍ 2019ലെ യു.ഡി.എഫ് തരംഗകാലത്തെ ഭൂരിപക്ഷത്തെക്കാള്‍ 41,817 വോട്ട് അധികം ലഭിച്ചു. ടീം സമസ്തയുടെ പ്രചാരണത്തിനിടെ ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും അത് ലീഗിന് സംഘടനാപരമായും രാഷ്ട്രീയമായും ക്ഷീണം ചെയ്യുമായിരുന്നു. എന്നാല്‍, ലീഗിൻ്റെ മുന്നേറ്റം ലീഗ് വിരുദ്ധരായ സമസ്തക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കേരളത്തിനു പുറത്ത് തമിഴ്നാട്ടിലെ രാമനാഥപുരത്ത് മാത്രമാണ് മുസ്ലിം ലീഗ് മത്സരിച്ചത്. ലീഗ് സ്ഥാനാർഥി നവാസ് കനി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെല്‍വത്തെ 1,65,292 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മത്സരിച്ച എല്ലാ സീറ്റിലും വിജയിച്ച മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റുകൂടി ലഭിച്ചാല്‍ നാല് എം.പിമാരാകും.