പൂര നഗരിയില്‍ ആംബുലൻസിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരേ കേസെടുത്തു

പൂര നഗരിയില്‍ ആംബുലൻസില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സി.പി.ഐ നേതാവിന്റെയും മറ്റൊരു അഭിഭാഷകന്റേയും പരാതിയിലാണ് തൃശ്ശൂർ ഈസ്റ്റ് പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരിക്കുന്നത്.
ആംബുലൻസ് അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ക്കും യാത്രചെയ്യേണ്ട വാഹനമാണ്. എന്നാല്‍, സുരേഷ് ഗോപി അങ്ങനെയല്ല ഉപയോഗിച്ചത്. ഇതിന് പുറമെ തൃശ്ശൂർപൂര സമയത്ത് ആംബുലൻസുകള്‍ക്കെല്ലാം പോകാൻ കൃത്യമായ വഴി മുൻകൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു. മന്ത്രിമാർക്ക് പോലും പൂര നഗരിയിലേക്ക് എത്താൻ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇതൊക്കെ ലംഘിച്ചാണ് വാഹനത്തിലെത്തിയതെന്നും മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ വാഹനമോടിച്ചെന്നുമാണ് പരാതിയിലുള്ളത്.
ആദ്യം ആംബുലൻസില്‍ കയറിയില്ലെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി പിന്നീട് അത് തിരുത്തി യാത്ര ചെയ്തുവെന്ന് സമ്മതിച്ചിരുന്നു. തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസില്‍ യാത്ര ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.