കെപിസിസി നടത്തിവരുന്ന ഗൃഹസമ്പർക്കം 10 ദിവസത്തേക്ക് നീട്ടി, പരിപാടി വിജയമെന്ന് നേതാക്കൾ

കെപിസിസി നടത്തിവരുന്ന ഗൃഹസമ്പർക്കം 10 ദിവസത്തേക്ക് കൂടി നീട്ടി. പരിപാടി വൻ വിജയമെന്നാണ് കെപിസിസി നേതൃയോഗം വിലയിരുത്തിയത്. പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ചുള്ള പ്രചാരണങ്ങളിൽ നിന്നും നേതാക്കൾ ശ്രദ്ധ മാറരുത് എന്ന് കെപിസിസി നേതൃയോഗത്തിൽ നിർദ്ദേശവുമുണ്ടായി.
നേതാക്കളെല്ലാം ഈ വിഷയങ്ങളിൽ ഇതുപോലെ പ്രതികരണം നടത്തണം. പത്തിന് പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി.അതേസമയം വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.
ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്.
അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.