കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു, എത്തിയത് ആംബുലന്‍സില്‍ തന്നെ; പുതിയ വാദവുമായി സുരേഷ് ഗോപി
പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു. അവിടെ ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു
‘ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ കയറി എന്നു പറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കില്‍ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താന്‍ വെല്ലുവിളിക്കുന്നു; സുരേഷ് ഗോപി പറഞ്ഞു.
പൂരനഗരിയില്‍ സുരേഷ് ഗോപി ആംബുലന്‍സിലാണ് എത്തിയതെന്ന് പറഞ്ഞത് ബിജെപി ജില്ലാ പ്രസിഡന്റ് ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി ഇങ്ങനെ; എയര്‍പോര്‍ട്ടില്‍ കാര്‍ട്ടുണ്ട്. ആ കാര്‍ട്ടില്‍ പോകുന്നത് കണ്ട് സുരേഷ് ഗോപി നേരെ കാര്‍ട്ടിലാണ് എയര്‍ പോര്‍ട്ടില്‍ എത്തിയതെന്ന് പറഞ്ഞാലോ?. നിങ്ങള്‍ അന്വേഷിക്കൂ ആംബുലന്‍സ് എവിടെയാണ് ഉണ്ടായിരുന്നതെന്ന്. പൂരം കണ്ടുനില്‍ക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍ കൊണ്ടുപോകാനുള്ള ക്രമീകരണമാണ് അത്. താന്‍ പതിനഞ്ച് ദിവസം ഒരു കാലില്‍ ഇഴഞ്ഞാണ് പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ അത്രയാളുകളുടെ ഇടയിലൂടെ തനിക്ക് പോകാന്‍ പറ്റുന്നില്ല.
അതിന് മുന്‍പ് ഞാന്‍ കാറില്‍ ഏതാണ്ട് 5 കിലോമീറ്റര്‍ സഞ്ചരിച്ച് വന്ന് ഇറങ്ങിയ അടുത്ത് ഈ പറഞ്ഞ രാഷ്ട്രീക്കാരുടെ കിങ്കരന്മാര്, ഗൂണ്ടകള്‍ എന്റെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കൈയില്‍ റെക്കോര്‍ഡ് ഉണ്ടോ?. എന്നെ രക്ഷപ്പെടുത്തിയത് ഒരുരാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. കാന കടക്കാന്‍ പറ്റാത്തതുകൊണ്ട് അവര്‍ എന്നെ പൊക്കിയെടുത്താണ് വച്ചത്. അവിടുന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇതില്‍ വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. സിബിഐ വരുമ്ബോള്‍ അവരോട് പറഞ്ഞാല്‍ മതി. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സിബിഐയെ വിളിക്കാന്‍. ഇവരുടെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ച് പോകും, ഇവരുടെ അന്തസ്സെല്ലാം പോകും, സത്യം വെളിയില്‍ വരാന്‍ സിബിഐയെ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തന്നെ പറയണം’ – സുരേഷ് ഗോപി പറഞ്ഞു.
‘ജനം എനിക്ക് വോട്ട് ചെയ്തതിന് പ്രധാനകാരണം കരുവന്നൂര്‍ ആണ്. അതിലെ തട്ടിപ്പ് മറയ്ക്കാന്‍ പൂരമല്ല അതിന്റെ വകഭേദങ്ങളും ഉപയോഗിക്കും. മുനമ്ബം വിഷയം പോലെ സത്യം വിളിച്ച് പറയാന്‍ മാധ്യമങ്ങള്‍ക്ക് പേടിയുണ്ടോ?. സഹകരണനിയമം അമിത് ഷാ കൊണ്ടുവന്നപ്പോള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ ജനങ്ങളുടെ പക്ഷത്ത് നിന്നില്ല?. അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ കരുതാത്തത്. ജനങ്ങള്‍ക്ക് ആവശ്യമുള്ളതല്ല നിങ്ങള്‍ ചോദിക്കുന്നതും കൊടുക്കുന്നതും. നിങ്ങള്‍ ഒരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയമാണ്. മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയം പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് നടക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല. ഇനി ഉടനെ ഇതും അവഹേളിക്കാലാണെന്ന് പറയരുത്. സത്യമാണ് പറയുന്നത്’.
ദിവ്യക്കെതിരായ നടപടി അതെല്ലാം ആ പാര്‍ട്ടിയുടെ ഭാഗമാണ്. അതെല്ലാം അവരുടെ ആഭ്യന്തരകാര്യമാണ്. അത് ചോദ്യം ചെയ്യാന്‍ താനും തന്റെ പാര്‍ട്ടിയും വരില്ല. പൊതുജനപ്രക്ഷോഭത്തിന്റെ ഭാഗമായി വരുമ്ബോള്‍ അങ്ങനെയുള്ള ആവശ്യങ്ങളെല്ലാം ഉന്നയിക്കും. പിപി ദിവ്യയുടെ അവകാശങ്ങൡല് അനധികൃതമായി കൈകടത്തുക ആവരെ നശിപ്പിക്കുക അങ്ങനെ വേണമെന്ന് താന്‍ പറയില്ല. അനീതിയുണ്ടായിട്ടുണ്ടോ അതിന് നിയമവ്യവസ്ഥിതി അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞു.