‘പി.വി അന്‍വറിന്റെ വോട്ട് മതേതരത്വം നിലനിര്‍ത്താനുള്ള വിട്ടുവീഴ്ച്ച’; രാഹുല്‍ മാങ്കൂട്ടത്തില്‍
പി.വി അന്‍വറിന്റെ വോട്ട് മതേതരത്വം നിലനിര്‍ത്താനുള്ള വിട്ടുവീഴ്ച്ചയെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. വര്‍ഗീയതയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്തത് സിപിഐഎമ്മാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പി.വി അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്.
രാഹുലിനെ ഉപാധിയില്ലാതെ പിന്തുണക്കുമെന്നും നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനല്‍ പാളി പോലും തുറക്കരുത് എന്നാണ് ആഗ്രഹം. അതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നത്. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നുവെന്നും പി വി അന്‍വര്‍ പ്രതികരിച്ചിരുന്നു.
പിന്നാലെ അന്‍വറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.