ഉത്തർപ്രദേശിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുൽ ഗാന്ധി ..
പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് , മുതലെടുത്ത് ബിജെപി
രാഹുൽ ഗാന്ധിക്കെതിരെ , ബിജെപി തൊടുക്കുന്ന പ്രധാന വിമര്‍ശനങ്ങളിൽ ഒന്നാണ് തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ കോൺഗ്രസ്സ് നേതാവിന്റെ അസാന്നിധ്യം . ഒരുതരത്തിൽ അത് സത്യമായാ കാര്യവും ആണ് . ഇപ്പോൾ രാഹുലിനെതിരെ ഉയരുന്ന പ്രധാന വിമർശനം ഉത്തർപ്രദേശിലെ രാഹുലിന്റെ പ്രവർത്തനത്തെ സംബന്ധിച്ചു ആണ് .
എതിർ കക്ഷികൾ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കുമ്പോൾ , രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉത്തർ പ്രദേശിൽ ഉണ്ടായത് ഇതുവരെ ഒരു തവണ മാത്രം. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ വിധി നിര്‍ണയിക്കുന്ന പ്രധാന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള സംസ്ഥാനവും ഉത്തർപ്രദേശ് തന്നെയാണ് .. 80 സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത് . കഴിഞ്ഞതവണ നേടിയ 62 സീറ്റില്‍ കൂടുതല്‍ നേടുക എന്ന ലക്ഷ്യം വച്ചാണ് ബിജെപി ഇത്തവണ യുപിയില്‍ കളത്തിലിറങ്ങുന്നത്. അതുപോലെ മറുവശത്ത് നില മെച്ചപ്പടുത്താമെന്ന പ്രതീക്ഷയിലാണ് ‘ഇന്ത്യ’ മുന്നണി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മുന്നില്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം. ഇതിനോടകം തന്നെ നിരവധി റാലികള്‍ നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നടത്തിക്കഴിഞ്ഞു. മോദിക്ക് പുറമേ, യോഗി ആദിത്യനാഥാണ് ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. ഇതിനോടകം 38 റാലികളില്‍ ആദിത്യനാഥ് പങ്കെടുത്തുകഴിഞ്ഞു. ഏപ്രില്‍ 26 വരെ നരേന്ദ്ര മോദി യുപിയില്‍ നടത്തിയത് ഏഴ് റാലികളാണ്. അയോധ്യ രാമക്ഷേത്രമാണ് മോദിയുടെ പ്രധാന പ്രചാരണായുധം. കോണ്‍ഗ്രസ് പ്രകടനപത്രികയെയും മോദി കടന്നാക്രമിക്കുന്നുണ്ട്. മോദി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശം ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍, രാഹുല്‍ ഗാന്ധി യുപിയില്‍ എത്തിയത് ഒരു ഒരു തവണ മാത്രമാണ്. സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവാണ് യുപിയില്‍ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി മുന്നോട്ടുപോകുന്നത്. പതിനാല് ദിവസത്തിനുള്ളില്‍ എട്ടോളം റാലികള്‍ അഖിലേഷ് യു പി യിൽ നടത്തിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. വിജയ സാധ്യത കൂടുതലുള്ള കര്‍ണാടകയിലും തെലങ്കാനയിലും കേരളത്തിലും ആണ് രാഹുല്‍ റാലികള്‍ നടത്തിയത് . വയനാട്ടില്‍ മത്സരിക്കുന്നിനാല്, ആദ്യ രണ്ട് ഘട്ടത്തിലും കേരള സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് രാഹുല്‍ സമയം കൂടുതല്‍ ചിലവാക്കിയത്. അമേഠി, റായ്ബറേലി സീറ്റുകളില്‍ ആരാണ് മത്സരിക്കുന്നത് എന്നതിനെ സംബന്ധിച്ചും കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല.
അതേസമയം അഖിലേഷ് യാദവിനൊപ്പം രാഹുല്‍ ഗാന്ധി പങ്കെടുത്ത അമ്രോഹയില്‍ നടന്ന കൂറ്റന്‍ റാലി ഇന്ത്യ സഖ്യത്തിന്റെ കരുത്ത്തെളിയിക്കുന്ന ഒന്നായിരുന്നു . രാഹുലും അഖിലേഷ് യാദവും ഒരുമിച്ച് റാലികള്‍ നടത്തുന്നത് മുന്നണിക്ക് കൂടുതല്‍ കരുത്തുപകരുമെന്ന പ്രതീക്ഷയിലാണ് മുന്നണി പ്രവര്‍ത്തകര്‍. എന്നാല്‍, സ്വന്തംനിലയ്ക്ക് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിലാണ് അഖിലേഷ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. സമാജ്വാധി പാർട്ടിയെ സംബന്ധിച്ച് അതി നിര്‍ണായകയമാണ് മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് . അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷിന്റെ കുടുംബാംഗങ്ങളായ അക്ഷയ് യാദവും ആദിത്യ യാദവും മത്സരിക്കുന്ന ഫിറോസാബാദ്, ബദൗന്‍ മണ്ഡലങ്ങളില്‍ മൂന്നാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
യു പി യിൽ കോണ്‍ഗ്രസിന് 17 സീറ്റാണ് സമാജ്വാദി പാർട്ടി നല്‍കിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പടിഞ്ഞാറൻ യുപിയലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെുപ്പില്‍ പശ്ചിമ യുപി കേന്ദ്രീകരിച്ചാണ് പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിച്ചിരുന്നത്., നിലവിൽ എഐസിസി ജനറല്‍ സെക്രട്ടറിആയ പ്രിയങ്ക ഗാന്ധിയും യുപിയില്‍ നടത്തിയത് ആകെ ഒരു റോഡ് ഷോ മാത്രം ആണ് . തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലായി പശ്ചിമ യുപിയിലെ ആകെ 26 സീറ്റില്‍ 16 ഇടത്തും വോട്ടിങ് നടന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഈ മേഖലയിലേക്ക് ഇതുവരേയും എത്തിയില്ല . ഇവിടേയും സമാജ്വാദി പാർട്ടിയുടെ നേതൃത്വത്തിലാണ് സഖ്യത്തിന്റെ പ്രചാരണം നടക്കുന്നത്. ഇനി പത്ത് സീറ്റുകളിലാണ് ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് അവശേഷിക്കുന്നത് .
വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍, രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്ശനങ്ങള്ക് വഴിതെളിച്ചിട്ടുണ്ട്. മറുവശത്ത്, അമേഠിയില്‍ സ്മൃതി ഇറാനി ഇതിനോടകം തന്നെ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. അമേഠിയില്‍ മാത്രമല്ല, ഉത്തരേന്ത്യയിലെ മറ്റു മണ്ഡലങ്ങളിലും രാഹുലിന്റെ അസാന്നിധ്യം ബിജെപി ചര്‍ച്ചയാക്കുന്നുണ്ട്.