തോറ്റിട്ടും പിന്മാറാതെ 5 വര്‍ഷം തൃശൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിച്ച സുരേഷ് ഗോപിയെ മാതൃകയാക്കി രാജീവ് ചന്ദ്രശേഖര്‍.
തിരുവനന്തപുരം: പലവട്ടം പരാജയപ്പെട്ടിട്ടും പിന്മാറാതെ തൃശൂരിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് ഒടുവില്‍ വിജയം കൊയ്തെടുത്ത സുരേഷ് ഗോപിയെ മാതൃകയാക്കാൻ രാജീവ് ചന്ദ്രശേഖറും.
16,077 വോട്ടിനാണ് ശശി തരൂരിനോട് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. തീരദേശ വോട്ടുകള്‍ കിട്ടാത്തതാണ് തിരിച്ചടിയായത്.
എല്‍.ഡി.എഫ് തുടർച്ചായി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ പരിധിയിലെ ഭൂരിപക്ഷം നിയമസഭ മണ്ഡലങ്ങളും തുണച്ചത് ബി.ജെ.പിയെയാണ്. ഈ സാഹചര്യം മുതലെടുക്കാൻ തിരുവനന്തപുരത്ത് ക്യാമ്ബ് ചെയ്ത് ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച് വിജയിച്ചു കയറാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരത്തിന്റ സമഗ്ര പുരോഗതിക്ക് നൂറു ദിന കർമ്മ പരിപാടി ജൂണ്‍ 24ന് ആരംഭിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ടാഗ് ലൈനായിരുന്ന ‘ഇനി കാര്യം നടക്കും’ നൂറുദിന കർമ്മ പദ്ധതിയിലും ഉപയോഗിക്കും. രാജ്യമാകെ നടക്കുന്ന വികസന പ്രവർത്തനങ്ങള്‍ തിരുവനന്തപുരത്തും സാദ്ധ്യമാക്കാൻ വേണ്ടി പരിശ്രമിക്കാൻ താൻ ഇവിടെത്തന്നെ ഉണ്ടാവുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ പ്രശ്നങ്ങള്വ ആഴത്തില്‍ പഠിച്ചും ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയും സമഗ്രമായ വികസന രേഖ തയ്യാറാക്കിയിരുന്നു. സമയപരിമിതി കാരണം വികസന രേഖ എല്ലാവരിലേക്കും എത്തിക്കാനും വിശദീകരിക്കാനും തിരഞ്ഞെടുപ്പിന് മുൻപ് കഴിഞ്ഞില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു.
നമുക്കും ഭാവി തലമുറയ്ക്കും വേണ്ടി വികസന മാർഗരേഖ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിലേക്കുള്ള ആദ്യ ചുവട് എന്ന നിലയിലാണ് ജൂണ്‍ 24ന് നൂറു ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഇതൊരു എളിയ തുടക്കം മാത്രമാണ്. തിരുവനന്തപുരത്തെ പുരോഗതി അവിരാമം മുന്നോട്ടു കൊണ്ടുപോവാൻ ഒരു സാധാരണ ബി.ജെ.പി പ്രവർത്തകനായി താൻ ജനങ്ങള്ക്കിടയിലുണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു.
ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടെങ്കിലും തൃശൂരില്‍ വീടെടുത്ത് താമസിച്ച്, അവിടെ സുരേഷ് ഗോപി നടത്തിയ വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വിജയമൊരുക്കിയത്.
ബി.ജെ.പി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിലാണ് സുരേഷ് ഗോപി മത്സരിച്ചതെങ്കിലും പാർട്ടിക്ക് അതീതമായി വ്യക്തിപരമായ വോട്ടുകളാണ് അദ്ദേഹത്തിന് കിട്ടിയതിലേറെയും. ഇതിന് വഴിയൊരുക്കിയത് സുരേഷിന്റെ അഞ്ചു വർഷക്കാലത്തെ തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമായിരുന്നു.
സമാന മാതൃകയാണ് രാജീവും പിന്തുടരുന്നത്. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ആയിരുന്നെങ്കിലും ഒരു പാർട്ടിക്കാരൻ ഇമേജല്ല രാജീവ് ചന്ദ്രശേഖരിനുള്ളത്. ഇത് മുതലെടുത്ത് തിരുവനന്തപുരത്തെ പ്രവർത്തനങ്ങളില്‍ കൃത്യമായി ഇടപെട്ടാല്‍ വിജയം സുനിശ്ചിതമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു.
തിരുവനന്തപുരത്ത് എല്‍.ഡി.എഫിന്റെ കയ്യിലുള്ള കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനായിരുന്നു ലീഡ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ രണ്ടാം സ്ഥാനത്തും എല്‍.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.
തീരദേശ മണ്ഡലങ്ങളിലെല്ലാം രണ്ടാ സ്ഥാനം നേടിയത് ബി.ജെ.പി സ്ഥാനാർത്ഥിയാണ്. കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എയായുള്ള കഴക്കൂട്ടം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറിന് 10,842 വോട്ടിന്റെ ലീഡാണ്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യന്‍ 16,062 വോട്ടിന്റെ കുറവാണ്. ശശി തരൂറാണ് ഇവിടെ രണ്ടാമത് എത്തിയത്.
വി.കെ പ്രശാന്ത് എം.എല്‍.എയുടെ മണ്ഡലമായ വട്ടിയൂർക്കാവില്‍ 8,162 വോട്ട് ലീഡാണ് രാജീവിന് ലഭിച്ചത്. ഇവിടെ പന്ന്യന്‍ 24,689 വോട്ട് പിന്നിലാണ്. ഇവിടെയും രണ്ടാം സ്ഥാനത്ത് തരൂരാണ്. എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ച മന്ത്രി വി.ശിവൻകുട്ടിയുടെ നേമം മണ്ഡലത്തില്‍ 22,126 വോട്ടിന്റെ ലീഡാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. ഇവിടെ 27,905 വോട്ട് കുറവാണ് മുന്നാം സ്ഥാനത്തുള്ള പന്ന്യന്‍.
ശശി തരൂരിന് ലീഡ് ലഭിച്ച മണ്ഡലമായ തിരുവനന്തപുരത്ത് പന്ന്യന്‍ 21,220 വോട്ടിന്റെ കുറവാണ് ലഭിച്ചത്. പാറശാലയില്‍ 12,372, കോവളത്ത് 24,905, നെയ്യാറ്റിൻകരയില്‍ 23,223 വോട്ടുകളുടെ കുറവാണ് ശശി തരൂർ ലീഡിന് നേടിയ സ്ഥലത്ത് പന്ന്യന്‍ കുറവ് വന്നത്. ഇവിടെയെല്ലാം രാജീവ് ചന്ദ്രശേഖറാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരമാണ് അരങ്ങേറിയത്. രണ്ടിടങ്ങളിലും എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ വോട്ട് ചോർന്നു. ഇതിലൂടെ ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. ഇരു മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് ഷെയർ കൂടിയതിന്റെ അമ്ബരപ്പിലാണ് ഇരു മുന്നണികളും.
ശക്തി കേന്ദ്രങ്ങളില്‍ പോലും ബി.ജെ.പിക്ക് ലീഡ് ലഭിച്ചത് മുന്നണി യോഗങ്ങളില്‍ വാദ- പ്രതിവാദങ്ങള്‍ക്ക് വഴിവയ്ക്കും. രണ്ടിടത്തും എൻ.ഡി.എ സ്ഥാനാർത്ഥികള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളുടെ വോട്ട് ഭിന്നിപ്പിച്ച് സ്വന്തം പെട്ടിയിലാക്കി. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം അസംബ്ളി മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതെത്തി.
തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങള്‍ യു.ഡി.എഫിനോടൊപ്പം നിന്നു. ഏഴിടത്തും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായി. വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം അസംബ്ളി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് ഇടത് എം.എല്‍.എമാരാണ്. എന്നിട്ടും ഇവിടങ്ങളില്‍ ബി.ജെ.പി ഒന്നാമതെത്തിയത് എല്‍.ഡി.എഫ് നേതൃത്വത്തെ അമ്ബരപ്പിച്ചു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 12 വാർഡുകളില്‍ എല്‍.ഡി.എഫ് ജനപ്രതിനിധികളാണ്. ഇവിടെ എൻ.ഡി.എ 8,160 വോട്ടുകളുടെ ഭൂരിപക്ഷം നേടി. 15 ഇടത് ജനപ്രതിനിധികളുള്ള കഴക്കൂട്ടം മണ്ഡലത്തില്‍ 10,842 വോട്ടുകള്‍ക്ക് ബി.ജെ.പി മുന്നിലെത്തി. ഇത്തരം അടിയൊഴുക്കുകള്‍ എല്‍.ഡി.എഫ് പ്രതീക്ഷിച്ചിരുന്നതല്ല. ഈ സാഹചര്യം മുതലെടുത്താൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നും ബിജെപി വിലയിരുത്തുന്നു.