ശോഭ വരണം, വന്നേ പറ്റുവെന്ന് നേതൃത്വം; പാലക്കാട് ബിജെപിക്ക് തലവേദന
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്.
എന്നാല്‍ അവിടെയും അവർക്ക് ആശങ്ക സൃഷ്ടിക്കുന്ന ചില ഘടകങ്ങള്‍ ഉയർന്നുവരുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം പാർട്ടിക്കുള്ളില്‍ രണ്ട് ധ്രുവങ്ങള്‍ ഉടലെടുക്കാൻ കാരണമായി എന്നതാണ് വാസ്തവം.
തുടക്കം മുതല്‍ മണ്ഡലത്തില്‍ മത്സരിക്കാൻ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പേരുകളായിരുന്നു ശോഭ സുരേന്ദ്രന്റേതും സി കൃഷ്ണകുമാറിന്റേതും. വിവിധ കോണുകളില്‍ നിന്ന് ഇവരെ പിന്തുണച്ചും എതിർത്തും അഭിപ്രായങ്ങളുയർന്നു. ഒടുവില്‍ സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനെ ശുപാർശ ചെയ്തതോടെ കേന്ദ്രത്തിന് മറ്റ് ആലോചനയുടെ ആവശ്യം വന്നില്ല.
അങ്ങനെയാണ് മണ്ഡലത്തില്‍ സി കൃഷ്ണകുമാർ എത്തുന്നത്. എന്നാല്‍ അതുകൊണ്ട് ഒന്നും അവസാനിച്ചില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നല്കുന്ന സൂചന. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള, വനിതാ നേതാക്കളിലെ മുൻനിര പോരാളിയായ ശോഭ കൃഷ്ണകുമാറിന്റെ പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് മണ്ഡലത്തില്‍ വലിയ ചർച്ചയായിട്ടുണ്ട്.
കേരളത്തിലെ മറ്റേത് നിയമസഭാ മണ്ഡലം പോലെയുമല്ല പാലക്കാടിനെ ബിജെപി നോക്കി കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാൻ ഇ ശ്രീധരനെ ഇറക്കി ഏറെക്കുറെ ജയം പിടിച്ചെടുത്തതായിരുന്നു അവർ. എന്നാല്‍ അവസാന നിമിഷം ഷാഫി പറമ്ബില്‍ മുന്നേറ്റം നടത്തി ബിജെപിയുടെ പ്രതീക്ഷ കെടുത്തുകയായിരുന്നു.
അതുകൊണ്ട് തന്നെ ഇക്കുറി കരുതലോടെ ആയിരുന്നു ബിജെപി നീക്കം. ജില്ലയില്‍ നിന്ന് തന്നെയുള്ള, മണ്ഡലത്തില്‍ സുപരിചിതനായ സി കൃഷ്ണകുമാറിനെ ഇറക്കിയതും ജയം മാത്രം മനസില്‍ കണ്ടാണ്. എന്നാല്‍ ശോഭ സുരേന്ദ്രൻ പക്ഷം ഇവിടെ തണുപ്പൻ നയം സ്വീകരിക്കുന്നത് പാർട്ടിക്ക് വലിയ രീതിയില്‍ തിരിച്ചടിയാവുന്നു എന്നാണ് അടിത്തട്ടില്‍ നിന്നുള്ള റിപ്പോർട്ടുകള്‍.
ഇതോടെ ശോഭയെ മണ്ഡലത്തിലെ പ്രചാരണത്തിന്റെ ഭാഗമാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ബിജെപി നേതൃത്വം. ഏറ്റവും ഒടുവില്‍ ശോഭ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചത്. പാർട്ടിക്കുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്ന് സുരേന്ദ്രൻ പറയുമ്ബോഴും ചില്ലറ കുഴപ്പങ്ങള്‍ ഒക്കെയുണ്ടെന്ന് തന്നെയാണ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നത്.