‘ആലപ്പുഴയില്‍ വി മുരളീധരന്റെ ഇടപെടലുണ്ടായി’; ബിജെപി വിശകലന യോഗത്തില്‍ രൂക്ഷ വിമര്‍ശനം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായിട്ട് ആഴ്ചകള്‍ പിന്നിട്ടു കഴിഞ്ഞിട്ടും അവലോകന യോഗങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ട്.
ഇപ്പോഴിതാ ആലപ്പുഴയിലെ ബിജെപി അവലോകന യോഗത്തില്‍ കേന്ദ്ര മന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ആയിരുന്ന വി മുരളീധരൻ അനാവശ്യമായി ഇടപെട്ടുവെന്നാണ് ആരോപണം. ആറ്റിങ്ങല്‍ സ്ഥാനാർത്ഥിയുടെ അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നു എന്നാണ് യോഗത്തില്‍ ഉയർന്ന പ്രധാന ആവശ്യം. ഇയാളുടെ ആലപ്പുഴ ജില്ലയിലെ വിശ്വസ്തൻ വഴിയാണ് ഇടപെട്ടതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉണ്ടായ ശ്രദ്ധക്കുറവ് യോഗത്തില്‍ ചർച്ചയായി.
ഇക്കാര്യത്തില്‍ നേരിട്ടുള്ള ആരോപണം ഉന്നയിച്ചാണ് ശോഭ രംഗത്ത് വന്നത്. ആദ്യ ഘട്ടത്തില്‍ 326 ബൂത്തുകള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. 14 ദിവസത്തോളം കഴിഞ്ഞാണ് മണ്ഡലത്തില്‍ പോസ്റ്റര്‍ പോലും ഒട്ടിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്ളക്സും നിറഞ്ഞതിന് ശേഷമാണ് ബിജെപി പോസ്റ്റര്‍ ഒട്ടിക്കാന്‍ തുടങ്ങിയതെന്നാണ് ശോഭ ആരോപിക്കുന്നത്.
മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ മാനേജര്‍ക്ക് വാഹനം പോലും നല്‍കിയില്ലെന്നും ശോഭ ആരോപിക്കുന്നുണ്ട്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച ശോഭ സുരേന്ദ്രൻ ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാമെന്നും ചൂണ്ടിക്കാട്ടി.