”എമ്പുരാൻ” ഇടിച്ച് പൊളിക്കാൻ ഡോൺ ലീ; കൊറിയക്കാരുടെ ലാലേട്ടനും അബ്രാം ഖുറേഷിയും…
മലയാള സിനിമയുടെ ഒരു നാഴികക്കല്ലായി മാറിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം എമ്പുരാൻ അധികം വൈകാതെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ് ലോകത്തിന്റെ പല ഭാഗങ്ങളിലായാണ് നടക്കുന്നത്. എമ്പുരാൻ എന്ന പേര് തന്നെ ഒരു പുതുമ സമ്മാനിക്കുന്നുണ്ട്. എന്റെ നാഥൻ, അല്ലെങ്കിൽ എന്റെ യജമാനൻ എന്നൊക്ക അർഥം പറയാമെങ്കിലും, സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് പറയുന്നത് ” രാജാവിനും ദൈവത്തിനും ഇടയിൽ ഉള്ള ഒരാൾ” എന്നാണ്. അതായത് രാജാവിലും മേലെ, ദൈവത്തിന് താഴെ നിൽക്കുന്ന ഒരാൾ.. അതാണ് എമ്പുരാൻ. നമ്മുക്ക് അറിയവുന്നതാണ് ലൂസിഫറിൽ ഒരേയൊരു രാജാവ് എന്ന രീതിയിലാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെ, അല്ലെങ്കിൽ അബ്റാം ഖുറേഷിയെ വർണ്ണിക്കുന്നത്. അതിന്റെ രണ്ടാം ഭാഗമായ ഈ സിനിമയിൽ കുറച്ച് കൂടെ വാഴ്ത്തപ്പെടുന്ന ഒരു റോളിൽ ആയിരിക്കും മോഹൻലാൽ എത്തുന്നത് എന്ന് ഉറപ്പാണ്.
ഇപ്പോൾ കേൾക്കുന്ന ഒരു വാർത്ത എമ്പൂരാനിൽ കൊറിയൻ താരം ‘ഡോൺലീയും’ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്. ഡോൺ ലീയെ നമ്മൾ പലരും വിളിക്കുന്നത് കൊറിയക്കാരുടെ ലാലേട്ടൻ എന്നാണ് . ഹോളിവുഡിൽ പോലും ലക്ഷക്കണക്കിന് ആരാധകരുള്ള താരം. അടി, ഇടി, വെട്ട്, കുത്ത് ഒക്കെ ഗംഭീരമാക്കുന്ന കൊറിയയുടെ ബ്രഹ്മാണ്ഡ താരമാണ് ഡോൺ ലീ. അദ്ദേഹവും കൂടി എമ്പുരാനിൽ ഉണ്ടെങ്കിൽ തീ പാറും എന്നതിൽ ഒരു സംശയവും വേണ്ട. ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും കൊറിയയിലെ സൂപ്പർ സ്റ്റാർ ആയി വളർന്ന സംഭവ ബഹുലമായ കഥയാണ് ഡോൺ ലീയുടേത്. 2005ൽ പുറത്തിറങ്ങിയ ഹെവൻസ് സോൾജ്യേഴ്സ് എന്ന സിനിമയിലൂടെ അരങ്ങേറിയ ഡോൺ ലീ, ചോയ് മിൻസിക്കിന്റെ ദി നെയിംലെസ്സ് ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലെ സൈഡ് റോളിലൂടെയാണ് ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡോ ലീ എന്നും അറിയപ്പെടുന്ന നടൻറെ യഥാർത്ഥ പേര് മാ ഡോങ്-സിയോക്ക് എന്നാണ്. ട്രെയിൻ ടു ബുസാൻ എന്ന ഹിറ്റ് ചിത്രം കണ്ടവർ അദ്ദേഹത്തിന്റെ പ്രകടനം മറക്കില്ല. പിന്നീട് ദക്ഷിണ കൊറിയയിലെ ഏറ്റവും ജനപ്രിയനും മിനിമം ഗ്യാരന്റിയുമുള്ള താരമായി അദ്ദേഹം മാറി.
ഇതിന് മുൻപ് 2013ൽ തന്നെ നോറിഗേ എന്ന സിനിമയിലൂടെ നായകനായി എത്തിയെങ്കിലും ട്രയിൻ ടു ബുസാനിന് ശേഷം ലഭിച്ച മാസ്സ് ഹീറോ വേഷങ്ങളാണ് ഡോൺ ലീയെ യഥാർത്ഥ ട്രാക്കിലേക്ക് എത്തിച്ചത്. Derailed, The Outlaws തുടങ്ങിയ സിനിമകളെല്ലാം സാമ്പത്തിക വിജയങ്ങളായിരുന്നു. അതിന് ശേഷം ജോൺ വിക്ക് ഫ്രാഞ്ചെസിയിലേക്ക് ക്ഷണം കിട്ടി ഹോളിവുഡ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നുവെങ്കിലും ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിൽ അഭിനയിക്കുന്ന സമയം ആയത് കൊണ്ട് ഡേറ്റ് ക്ലാഷ് കാരണം വിട്ടുകളയേണ്ടി വന്നു. ജോൻ വിക്കിന്റെ ഇടി കൊള്ളാൻ മാത്രം വരുന്ന ആ കഥാപാത്രത്തെ വിട്ടുകളഞ്ഞത് എന്തായാലും അദ്ദേഹത്തിന് ഗുണമേ ചെയ്തിട്ടുള്ളൂ. പിന്നീട് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ദി എറ്റേണൽസ് എന്ന ചിത്രത്തിലൂടെ ഗിൽഗമേഷ് എന്ന പവർഫുൾ സൂപ്പർ ഹീറോ ആയിട്ടാണ് അദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ ഡോൺ ലീയുടെ ഏറ്റവും പുതിയ ചിത്രമായ ബാഡ്ലാൻഡ് ഹണ്ടേഴ്സ് 11800 കോടി രൂപയോളം കളക്ഷൻ നേടിയിട്ടുണ്ട്.
ഡോൺ ലീ ഈമ്പുരാനിൽ എത്തുമോ എന്നത് 100 ശതമാനം ഉറപ്പുള്ള കാര്യമല്ല. എന്നാലും അങ്ങനെയൊരു എൻട്രി ഉണ്ടായാൽ തിയേറ്ററുകളിൽ അത് പ്രകമ്പനം സൃഷ്ട്ടിക്കുമെന്നത് ഉറപ്പാണ്. തമ്മിൽ സിനിമകളിൽ പറയുന്നത് പോലെ ഓങ്ങിയടിച്ചാൽ ഒന്നര ടൺ വെയിട്ടുള്ള ആ ഇടി തന്നെയാണ് ഡോൺ ലീയുടെ സ്പെഷൽ ഐറ്റം. വില്ലനായാലും,ലാലേട്ടന്റെ ഒപ്പമുള്ള റോൾ ആയാലും ഡോൺ ലീ ഉണ്ടെങ്കിൽ എമ്പുരാന്റെ തട്ട് ഒന്നുകൂടി താഴ്ന്ന് തന്നെ ഇരിക്കും. അജ്ജാതി മാസാണ്, മാസല്ല മരണമാസാണ് കൊറിയൻ ലാലേട്ടൻ ഡോൺ ലീ..