ഇസൈജ്ഞാനി ഇളയരാജയ്ക്ക് 81-ാം ഇന്ന് പിറന്നാള്‍
ഇളയരാജയ്ക്ക് ഇന്ന് 81-ാം പിറന്നാള്‍. തേനിയിലെ ഗ്രാമത്തില്‍ ജനിച്ച ഇളയരാജ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതല്‍ പാട്ടിനോട് കമ്ബമുള്ള രാസയ്യയെ സംഗീത ഗുരു ധനരാജ് മാസ്റ്ററാണ് രാജയെന്ന് വിളിക്കുന്നത്. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ഇദ്ദേഹത്തെ ആദ്യമായി സിനിമയിലേക്ക് കൊണ്ട് വരുന്നത്. ഇദ്ദേഹമാണ് പേരിനൊപ്പം ഇളയ എന്നു കൂടി ചേർത്ത് ഇളയരാജ എന്നാക്കി മാറ്റിയത്.
അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സില്‍ വെള്ളിത്തിരയില്‍ കാല്വെക്കുമ്ബോള് പുതിയൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു. പിന്നീട് രാജ സ്റ്റൈല്‍ ഗാനങ്ങള്‍ വാഴ്ത്തപ്പെട്ടു. സിനിമാ താരങ്ങളുടെ പോസ്റ്ററുകളോടൊപ്പം ഇളയരാജയുടെ ചിത്രം കൂടി ഉണ്ടെങ്കില്‍ സിനിമ കാണാൻ ആളുകള്‍ കൂടിയിരുന്ന കാലം വരെ ഉണ്ടായി. ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലത്തുനിന്ന് സംഗീത സംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ വരവോടെയാണ്.
കേരള സർക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ആറു തവണയും കേരളസർക്കാരിന്റെ നിശാഗന്ധി പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി രാജ്യവും ഇളയരാജയെ ആദരിച്ചു. തലമുറകള്‍ കടന്നുപോകുമ്ബോഴും ആസ്വാദകരെ രസിപ്പിക്കാൻ സാധിക്കുന്നൊരു മാജിക്ക് ഇളയരാജ സംഗീതത്തിനുണ്ട്.
തമിഴ് സിനിമയില്‍ പേരും പെരുമയുമുള്ള സമയത്തുതന്നെയാണ് ഇളയരാജ മലയാളത്തിലെത്തുന്നത്. 1978-ല്‍ പുറത്തിറങ്ങിയ ‘വ്യാമോഹം’ എന്ന ചിത്രമാണ് ഇളയരാജയെ മലയാളത്തിന് പരിചിതനാക്കിയത്. മലയാളത്തില്‍ നൂറുകണക്കിന് ഗാനങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. യാത്രയിലെ തന്നന്നം താനന്നം, മൈ ഡിയർ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാൻ, പുഴയോരത്തില്‍ പൂന്തോണി, പൂവായ് വിരിഞ്ഞു… ,താരാപഥം ചേതോഹരം…, ഉണരുമീഗാനം…, താമരക്കിളി പാടുന്നു…, വേഴാമ്ബല്കേഴും…, ദേവസംഗീതം നീയല്ലേ…, ആദിയുഷസ്സന്ധ്യ പൂത്തതിവിടെ…, മെല്ലെയൊന്നു പാടിനിന്നെ…, ചെല്ലക്കാറ്റേ ചൊല്ല് ചൊല്ല്…, ആറ്റിൻ കരയോരത്ത് … ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ഇളയരാജ മലയാളത്തിനും സമ്മാനിച്ചിട്ടുണ്ട്.