ജയകൃഷ്ണനും ക്ലാരയും മലയാളി മനസ്സ് കീഴടക്കിയിട്ട് മൂന്നരപ്പതിറ്റാണ്ട്
പത്മരാജന്റെ എവർഗ്രീൻ ചിത്രം തൂവാനതുമ്പികൾ പുറത്തിറങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട്. മലയാളികളുടെ ദൃശ്യ ബോധത്തിൽ മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും ഇരിപ്പുറപ്പിച്ചിട്ടും അത്രയും കാലംപിന്നിട്ടു. സ്ത്രീപുരുഷ ബന്ധത്തിന്റെ വേറിട്ട തലം കാഴ്ചവെച്ചാണ് തൂവാനത്തുമ്പികൾ മലയാള മനസ്സിൽ ഇടം പിടിച്ചത്. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്ത ഹിറ്റുകളിലൊന്ന് മാത്രമാണ്. മലയാള മനസ്സിൽ പത്മരാജന്റെ ചെറുകഥയായ ഉദകപ്പോള ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു തൂവാനത്തുമ്പികൾ. ജയകൃഷ്ണന്റെ പ്രണയം രാധയോടായിരുന്നെങ്കിലും ക്ലാര ജയകൃഷ്ണനിൽ നിർവചിക്കാനാവാത്ത ഒരു ബന്ധമായി അവശേഷിക്കുന്നു.
1987 ലാണ് തൂവാനത്തുമ്പികൾ സിനിമ ആസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. പ്രേക്ഷകർ ഏറ്റെടുത്തതിനു കാരണം ഇവരുടെ പ്രകടനം തന്നെയായിരുന്നു. അതുവരെയുള്ള സ്ഥിര പ്രണയ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിനിമ കൂടിയായിരുന്നു തൂവാനത്തുമ്പികൾ. സംവിധായകന്റെ സുഹൃത്തായ കാരിക്കകത്ത് ഉണ്ണിമേനോന്റെ ജീവിതമാണ് ജയകൃഷ്ണനായി വെള്ളിത്തിരയിലെത്തിയത്.
ജയകൃഷ്ണനൊപ്പം പത്മരാജൻ ക്ലാരയെ കൂട്ടിയിണക്കുകയായിരുന്നു. മോഹൻലാലിന്റെ ജയകൃഷ്ണനും മഴയ്ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ജനഹൃദയങ്ങളിൽ താങ്ങി നിൽക്കുകയാണ്. എക്കാലത്തെയും മികച്ച സ്ത്രീ കഥാപാത്രത്തിലൊന്നായിരുന്നു ക്ലാര. നാട്ടിൻ പുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതമാസ്വദിക്കുന്ന യുവാവിന്റെയും വ്യക്തിത്വങ്ങൾ ചിത്രത്തിൽ അനായാസം മോഹൻലാൽ അവതരിപ്പിച്ചു. ഷൂട്ടിംഗ് ഇടയ്ക്കു വെച്ച് മുടങ്ങിപോകേണ്ട സിനിമയായിരുന്നു തൂവാനത്തുമ്പികളെന്ന് പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി പദ്മരാജൻ ഓർക്കുന്നു.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തിലൊന്നായിരുന്നു ജയകൃഷ്ണൻ. ജയകൃഷ്ണൻ രണ്ട് വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരൻ. എന്നാൽ പട്ടണത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുന്നു. ഒരു ദല്ലാൾ കഥാപാത്രത്തിലൂടെ ജയകൃഷ്ണൻ ക്ലാരയെ പരിചയപ്പെടുന്നു.
ക്ലാര വേശ്യാവൃത്തി സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ടവളാണ്. രാധ എന്ന നാട്ടിൻപുറത്തുകാരിയെ ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ജയകൃഷ്ണന് ക്ലാരയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകളോട് പ്രണയം തോന്നുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ജയകൃഷ്ണനോട് യാത്ര പറഞ്ഞു ക്ലാര മടങ്ങിയിട്ടും മലയാളിയുടെ മനസ്സിൽ നിന്ന് ഇന്നും മായാതെ നിൽക്കുന്നു. തൂവാനത്തുമ്പികൾ എന്ന സിനിമയെ മലയാളികൾ പ്രണയിക്കുകയാണ്.
പത്മരാജൻ എന്ന എഴുത്തുകാരനെയും സിനിമാക്കാരനെയും ഓർക്കുമ്പോൾ തൂവാനത്തുമ്പികളെ കുറിച്ച് പറയാതെ കടന്നുപോവാനാവില്ല. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലും മഴയും ക്ലാരയും ജയകൃഷ്ണനും പരാമർശിക്കപ്പെടാതെ കർക്കിടകം പിന്നിട്ടുപോയിട്ടില്ല . ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ആ പേര് ഒരു കുളിരോർമയാണെങ്കിൽ അതൊരു അംഗീകരാം തന്നെയാണ്.. കാലത്തിന്റെ കുത്തൊഴുക്കിലും മാഞ്ഞുപോവാത്ത മഴനനഞ്ഞൊരോർമ.
Content Highlights – Thoovanathumbikal, Mohanlal, Sumalatha