‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് !

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുന്നു. പുരാതന ഐതിഹ്യങ്ങളുടെയും വിദൂര ഭാവികാല സമൂഹത്തിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്ററിൽ കാലഭൈരവനെപ്പോലെയാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ‘കൽക്കി 2898 എഡി’യുടെ ചിത്രീകരണം ഇറ്റലിയിൽ പുരോഗമിക്കുകയാണ്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണാണ്.
ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കി 2898 എഡി. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയൻസ് ഫിക്ഷൻ മെയ് 9ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ: ശബരി.