യോഗത്തിന് മുന്‍പായി മമ്മൂട്ടിയെ വിളിച്ചു; നാടകീയമായി രാജി തീരുമാനം അറിയിച്ച് മോഹന്‍ലാല്‍; അംഗങ്ങള്‍ക്ക് ഞെട്ടല്‍
അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.
ജഗദീഷ് ഉള്‍പ്പടെയുള്ള നടന്മാര് കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനിടെ മുതിര്‍ന്ന താരങ്ങളുമായി മോഹന്‍ലാല്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. യോഗത്തിന് മുന്‍പായി തന്നെ മോഹന്‍ലാല്‍ ഒരുനിര്‍ണായക തീരുമാനം ഉടന്‍ തന്നെ ഉണ്ടാകമെന്നും പറഞ്ഞു.
യോഗത്തില്‍ വളരെ വൈകാരികമായിട്ടായിരുന്നു മോഹന്‍ലാലിന്റെ രാജിപ്രഖ്യാപനം. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ വലിയ പ്രതിസന്ധിയിലുടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് മോഹന്‍ ലാല്‍ അറിയിച്ചു. ലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിര്‍പ്പ് ഉന്നയിച്ച അംഗങ്ങള്‍ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജിയ്ക്ക് മുന്‍പായി താന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.