ആ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി പലദിവസം നടന്നപ്പോൾ ദൂരെ നിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായി: ജയസൂര്യ

മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യയുടെ അഭിനയജീവിതത്തിലെ വളർച്ച ഏതൊരു സിനിമാമോഹിക്കും പ്രചോദനം നൽകുന്നതാണ്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവ തിരശ്ശീലയിൽ അവതരിപ്പിക്കുന്നതിലെ നൈപുണ്യവും അദ്ദേഹത്തിനുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി മഞ്ജു വാര്യർക്കൊപ്പം ഒരു സീനിൽ ഇരിക്കുന്നതിനുള്ള അവസരത്തിനായി കഷ്ടപ്പെട്ട നാളുകളിൽ നിന്നും മഞ്ജുവിൻ്റെ നായകനായി അഭിനയിക്കുന്നയിടത്തേക്കുള്ള തൻ്റെ ഓർമ്മകൾ പങ്കുവെച്ചാണ് ജയസൂര്യ ശ്രദ്ധനേടിയത്. സംവിധായകൻ പ്രജേഷ് സെന്നിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മേരി ആവാസ് സുനോ’യുടെ ഓഡിയോ ലോഞ്ചിന്റെ വേദിയിൽ വെച്ചാണ് ജയസൂര്യ ഈ അനുഭവം പങ്കുവെച്ചത്.
“വർഷങ്ങൾക്ക് മുൻപ് പത്രം എന്ന സിനിമയിലെ നായിക മഞ്ജുവാര്യർ. അന്ന് അതിലൊരു വേഷമെങ്കിലും കിട്ടാനായി ആ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി പലദിവസം നടന്നപ്പോൾ ദൂരെ നിന്ന് മഞ്ജു വാര്യറെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായി. ആ സിനിമയിലൊരു പ്രസ് മീറ്റ് രംഗത്തിൽ കുറെ പത്രക്കാർ ഇരിക്കുന്നതിനൊപ്പം ഒന്നിരിക്കാൻ ഭാഗ്യമുണ്ടായി. പത്രമെന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്സായ ഞാൻ ഇന്ന് മഞ്ജുവാര്യർ എന്ന ബ്രില്ലിയന്റായിട്ടുള്ള അഭിനേത്രിയ്ക്കൊപ്പം അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായൊരു കാര്യം തന്നെയാണ്…”
ജയസൂര്യ പറഞ്ഞു.
രണ്ടു തവണ മികച്ച നടനുള്ള കേരളം സർക്കാരിന്റെ പുരസ്കാരത്തിന് അർഹനായ ജയസൂര്യ തന്റെ സർഗ്ഗജീവിതത്തിന് തുടക്കമിട്ടത് മിമിക്രിയിലൂടെയാണ്. ശേഷം ടെലിവിഷൻ മേഖലയിൽ അവതാരകനായ അദ്ദേഹം ജൂനിയർ ആർട്ടിസ്സ്റ്റായി മലയാള സിനിമയിലേക്ക് കടന്നു വന്ന് തൻ്റെ കഴിവിൻ്റെയും കഠിനാധ്വാനത്തിന്റെയും ബലത്തിൽ തൻ്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
Content Highlight- Meri Awaaz Suno Audio Launch: Jayasurya recollects his memory as a junior artist in Manju Warrier movie