പൊന്നിയൻ സെൽവൻ കേരള വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് മൾട്ടി സ്റ്റാർ ചിത്രം പൊന്നിയൻ സെൽവന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ നിർമ്മിക്കുന്ന ചിതം മണിരത്നമാണ് സംവിധാനം ചേയ്യുന്നത്. മെഗാ ബജറ്റിൽ രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച സിനിമ സെപ്റ്റംബർ 30നാണ് റിലീസാകുന്നത്. 500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, കാർത്തി, ജയം രവി, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എആർ റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങളെല്ലാം ഇതിനകം തന്നെ പാൻ ഇന്ത്യൻ ഹിറ്റായിട്ടുണ്ട്.
ലോകം മുഴുവൻ കാത്തിരിക്കുന്ന പൊന്ന്യൻ ശെൽവൻ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിൽ 250ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളായ ലൈഗർ, കോബ്ര, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഗോകുലം മൂവീസ് പൊന്ന്യൻ ശെൽവൻ കേരളത്തിൽ എത്തിക്കുന്നത്.
പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴൻ എന്ന പൊന്ന്യൻ ശെൽവന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് ചിത്രീകരണം ആരംഭിച്ചത്.