നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; ഖബറടക്കം വൈകീട്ട് നാല് മണിക്ക്

അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെ പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് ചെയ്യാൻ വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. റൂമിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നു നവാസ്. ഇന്നലെ ഷൂട്ടിങ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.