‘കടുവ’യിലെ അധിക്ഷേപ വാക്കുകൾ; മാപ്പ് പറഞ്ഞ് ഷാജികൈലാസും പൃഥ്വിരാജും
കടുവ എന്ന ചിത്രത്തിൽ ഭിന്നശേഷിക്കാരുടെ മാതാപിതാക്കളെ അവഹേളിച്ചു എന്ന വ്യാപകമായ പരാതിയിൽ മാപ്പുപറഞ്ഞ് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും. സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർഥിക്കാനുള്ളതെന്നും സംവിധായകൻ പറയുന്നു.
സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നുവെന്നും അദ്ദേഹം എഴുതി.
ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജും ക്ഷമാപണം നടത്തിയിരിക്കുന്നത്. അതൊരു തെറ്റായിരുന്നു, ഞങ്ങൾ അത് അംഗീകരിക്കുന്നു എന്നാണ് പൃഥ്വി എഴുതിയത്.
ഷാജി കൈലാസ് സംവിധാനംചെയ്ത കടുവ എന്ന ചലച്ചിത്രത്തിൽ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകൻ, നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടിരുന്നു. പരിവാർ കേരള എന്ന ഭിന്നശേഷി സംഘടന ജനറൽ സെക്രട്ടറി ആർ. വിശ്വനാഥന്റെ പരാതിയിലായിരുന്നു ഇത്.ഈ നീക്കത്തിന് പിന്നാലെയാണ് ക്ഷമാപണവുമായി പൃത്ഥ്വിരാജും ഷാജി കൈലാസും രംഗത്തെത്തിയത്.
Content Highlights: Shaji Kailas Pritwiraj apology on Kaduva dialogue