പിന്നണി ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ് എഫ് എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. സിനിമ രംഗത്ത് നിന്നും നടൻ സുരേഷ് ഗോപിയും ഭാര്യയും വിവാഹത്തിൽ പങ്കെടുത്തു. തുടർന്ന് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒപ്പമായിരുന്നു വിവാഹ സൽക്കാരം.
വിവാഹ രജിസ്ട്രെഷൻ നേരത്തെ പൂർത്തിയായിരുന്നു. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജരാണ് പത്തനംതിട്ട സ്വദേശിയായ ജെറിൻ.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജരി പിന്നണി ഗായികയായി തുടക്കം കുറിച്ചത്.
പിന്നീട് 2004 ഇൽ പുറത്തിറങ്ങിയ മകൾക്ക്, 2008 ലെ വിലാപങ്ങൾക്കപ്പുറം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജരിക്ക് ലഭിച്ചിട്ടുണ്ട്.
Content Highlights: Singer Manjari Wedding